
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചതായി താലിബാന്‍ വക്താവ്. അഫ്ഗാനിസ്ഥാനിലെ എംബസി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായുള്ള കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ചൈന വ്യക്തമാക്കിയതായും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
താലിബാന്റെ ദോഹയിലെ രാഷ്ട്രീയകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ അബ്ദുല്‍ സലാം ഹനഫി ചൈനീസ് വിദേശകാര്യ സഹമന്ത്രിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് സുഹൈല്‍ ഷഹീന്‍ ട്വീറ്റ് ചെയ്തത്.

കാബൂളിലെ എംബസി നിലനിര്‍ത്തുമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ബന്ധം മുന്‍കാലങ്ങളേക്കാള്‍ മെച്ചപ്പെടുത്തുമെന്നും അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ സുരക്ഷയിലും വികസനത്തിലും അഫ്ഗാനിസ്ഥാന് പ്രധാന പങ്കുവഹിക്കാനും കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടും മറ്റു വിഷയങ്ങളിലും നല്‍കിവന്നിരുന്ന സഹായങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ടെന്നും സുഹൈല്‍ ഷഹീല്‍ ട്വീറ്റില്‍ പറയുന്നു.
മതിയായ ഒരുക്കങ്ങളോ വിലയിരുത്തലുകളോ നടത്താതെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സേനയെ പിന്‍വലിച്ചതെന്നും ചൈന രൂക്ഷവിമര്‍ശനവുമുന്നയിച്ചിരുന്നു.

എന്നാല്‍ പിന്നീട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കു എന്നാണ് ചൈന അറിയിച്ചത്.
അഫ്ഗാന്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരവുമാണെന്നും അഫ്ഗാനിസ്ഥാന് സ്വന്തം ജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താത്പര്യങ്ങളെ ഉള്‍ക്കൊള്ളുന്ന തുറന്ന ചിന്താഗതിയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.
ഇപ്പോഴും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന കാര്യത്തില്‍ ചൈന നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരക്ഷാഭീഷണി കണക്കിലെടുത്ത് അഫ്ഗാനിലെ തങ്ങളുടെ പൗരന്മാരെ ചൈന ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം ചൈനീസ് എംബസി അഫ്ഗാനില്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ല.


