

കോഴിക്കോട്: കോഴിക്കോട്ടെ പുതിയ ഡെവലപ്മെന്റ് സെന്ററിലേക്ക് രണ്ടുവര്‍ഷത്തിനകം 1000 എന്‍ജിനീയര്‍മാരെ ജോലിക്ക് നിയമിക്കുമെന്ന് ടാറ്റ എലക്സി ചീഫ് മാര്‍ക്കെറ്റിങ് ഓഫീസറും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ നിതിന്‍ പൈ പറഞ്ഞു. കോഴിക്കോട് യു എല്‍ സൈബര്‍ പാര്‍ക്കില്‍ സെന്ററിന്റെ പ്രഖാപനത്തോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യഘട്ടമായി യു എല്‍ സൈബര്‍ പാര്‍ക്കില്‍ 500 പേര്‍ക്ക് ജോലി ചെയ്യാവുന്ന സ്പേസ് ആണ് എടുത്തിരിക്കുന്നത്. ഹൈബ്രിഡ് വര്‍ക്ക് മോഡല്‍ പരിഗണിക്കുമ്പോള്‍ 1000 പേര്‍ക്ക് ഇതിലൂടെ ജോലി ചെയ്യാനാകും. വടക്കന്‍ കേരളത്തിലെ ക്യാമ്പസുകളില്‍നിന്ന് റിക്രൂട്ട്മെന്റ് നടത്തും. എന്‍ ഐ ടി കൂടാതെയുള്ള മികച്ച കോളെജുകളെയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് ഇത് റിവേഴ്സ് ബ്രെയിന്‍ ഡ്രെയിനിന്റെ കാലമാണ്. ജോലിക്കായി കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്കു പോയ വടക്കന്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ നാട്ടില്‍ തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടാറ്റ എലെക്സി ഇപ്പോള്‍ നടത്തുന്ന ഗ്ലോബല്‍ റിക്രൂട്ട്മെന്റ് ഡ്രൈവിലെ 90 ശതമാനം അപേക്ഷകരും കേരളത്തിനു പുറത്തു ജോലി ചെയ്യുന്നവര്‍ ആണ്. നല്ലപങ്കും വടക്കന്‍ കേരളത്തിലുള്ളവര്‍. യൂറോപ്പിലും അമേരിക്കയിലും നിന്നാണു പത്തു ശതമാനത്തോളം. അവസരങ്ങള്‍ വളരുന്നതിനൊത്ത് റിവേഴ്സ് ബ്രെയിന്‍ ഡ്രെയിന്‍ സംഭവിക്കുകയാണ്.
കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം തുടങ്ങിയപ്പോള്‍ ജീവനക്കാരില്‍ കൂടുതല്‍ പേരും വടക്കന്‍ കേരളത്തിലാണെന്നു കണ്ടതിനെ തുടര്‍ന്നാണ് മലബാറിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. യു എല്‍ സൈബര്‍ പാര്‍ക്കിലെ ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് രണ്ടാമത്തെ ഘടകം. ടാറ്റയെപ്പോലെതന്നെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഉന്നതമൂല്യവ്യവസ്ഥയുള്ള സ്ഥാപനമാണ് യു എല്‍ സൈബര്‍ പാര്‍ക്കിന്റെ പ്രമോട്ടര്‍മാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്നു മനസിലാക്കിയതാണ് തീരുമാനം ഉറപ്പിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ എലെക്സി കോഴിക്കോട് ഡെവലപ്മെന്റ് സെന്ററിന്റെ ഔദ്യോഗിക പ്രഖ്യാപനം കമ്പനി മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ മനോജ് രാഘവന്‍ നിര്‍വ്വഹിച്ചു. ഇലക്ട്രിക് വാഹനം, കണക്ടഡ് കാര്‍, ഒ ടി ടി, 5ജി, ഡിജിറ്റല്‍ ടെക്‌നോളജി, ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയ ആധുനികമേഖലകളിലാണ് കമ്പനി കേന്ദ്രീകരിക്കുന്നത്.
ഊരാളുങ്കല്‍ ഗ്രൂപ്പ് സി ഇ ഒ രവീന്ദ്രന്‍ കസ്തൂരി,
ഊരാളുങ്കല്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ എസ് ഷാജു, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ കിഷോര്‍ കുമാര്‍ ടി കെ, ടാറ്റ ഇലെക്സി തിരുവനന്തപുരം സെന്റര്‍ ഹെഡ് ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

