
ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍.തബ് ലീഗ് ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടമെന്ന് വിശേഷിപ്പിച്ചാണ് സൗദി വിലക്കേര്‍പ്പെടുത്തിയത്. നിരോധനം സംബന്ധിച്ച ഉത്തരവും സൗദി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് ദാറുല്‍ ഉലൂം ദയൂബന്ദ് അപലപിച്ച് പ്രസ്താവനയിറക്കിയത്.സംഘടനയെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും നിരോധനം നീക്കണമെന്നും ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ തീരുമാനം രാജ്യം പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സയ്യിദ് സദഖത്തുള്ള ഹുസൈനി പറഞ്ഞു. സൗദിയുടെ തീരുമാനത്തിന് പിന്നില്‍ പലവിധ കാരണങ്ങളുണ്ടെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. 1926 ല്‍ ഇന്ത്യയിലാണ് തബ് ലീഗ് രൂപീകരിക്കപ്പെട്ടത്. ലോകത്താകമാനം 40 കോടിയിലേറെ അംഗങ്ങള്‍ ഈ സംഘടനയിലുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ നിസാമുദീനിലെ ആലമി മര്‍ക്കസ് ബംഗ്ലേവാലി മസ്ജിദാണ് കേന്ദ്രം. നേരത്തെ തന്നെ സൗദിയില്‍ തബ് ലീഗിന് വിലക്കുണ്ട്. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കുള്ള കവാടമെന്ന് പറഞ്ഞ് സംഘടയെ അപ്പാടെ നിരോധിച്ചത് ഇതാദ്യമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ ആളുകള്‍ തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെടേണ്ടതില്ലെന്നും അവരുമായി ഒരുതരത്തിലുമുള്ള സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

