

ലണ്ടന്‍: ഒമിക്രോണ്‍ വകഭേദത്തെ തുടര്‍ന്നുള്ള ആദ്യത്തെ മരണം യു കെയില്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ വാക്‌സിനേഷന്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നതിനിടയിലാണ് ഒമിക്രോണിനെ തുടര്‍ന്നുള്ള ആദ്യമരണം അദ്ദേഹം പ്രഖ്യാപിച്ചത്.

ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ ആഘാതം രാജ്യം പ്രതീക്ഷിക്കണമെന്ന് നേരത്തെ ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്കിയിരുന്നു. വകഭേദം വന്ന കോവിഡ് വൈറസ് ലെവല്‍ നാലിലേക്കെത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്കിയത്. ഏറ്റവും കൂടുതല്‍ പകരുന്നതിനെയാണ് ലെവല്‍ നാല് എന്ന് വിശേഷിപ്പിക്കുന്നത്.

ഒമിക്രോണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനെ കുറിച്ചും ജനങ്ങളോട് പറഞ്ഞു. ഇംഗ്ലണ്ടിലെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മൂന്നാം ഡോസ് ഈ ആഴ്ച മുതല്‍ കൊടുത്തു തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ഡോസ് എടുത്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൂന്നാം ഡോസ് എടുക്കേണ്ടതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമിക്രോണ്‍ വകഭേദത്തിന്റെ കടുത്ത ആക്രമണമുണ്ടാകുമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. കഴിയാവുന്നത്രയും പേര്‍ തിങ്കളാഴ്ച മുതല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍വഹിക്കണമെന്നും യു കെ സര്‍ക്കാറിന്റെ പ്ലാന്‍ ബി പദ്ധതി പ്രകാരമുള്ള പരിപാടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
ഒമിക്രോണുമായി ബന്ധപ്പെട്ട കടുത്ത അവസ്ഥയിലാണ് തങ്ങളിപ്പോഴുള്ളതെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.
രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമായവരാണെങ്കിലും ഒമിക്രോണിന് തടയിടുകയെന്നത് അത്ര എളുപ്പമല്ലെന്നും കൂടുതല്‍ സംരക്ഷണം ആവശ്യമുണ്ടെന്നും വിശദീകരിച്ച അദ്ദേഹം മൂന്നാം ഡോസിന്റെ കാര്യത്തില്‍ ഗവേഷകര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നത് നല്ല വാര്‍ത്തയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈ അവസ്ഥയില്‍ ഒമിക്രോണ്‍ ഗുരുതരമല്ലെന്ന് ഗവേഷകര്‍ പറയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിസുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒമിക്രോണിനെ തുടര്‍ന്ന് അടുത്ത ഏപ്രിലോടെ യു കെയില്‍ കാല്‍ ലക്ഷം മുതല്‍ മുക്കാല്‍ ലക്ഷം വരെ കോവിഡ് മരണങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നു.

