
ചെന്നൈ: നടനും നൃത്ത സംവിധായകനുമായ റോബര്‍ട്ട് മാസ്റ്റര്‍ നായകനാവുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ ‘സെവല കാള’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്ത് വിട്ടു. വയലന്‍സ് മൂഡിലുള്ള ആക്ഷന്‍ ചിത്രമാണെന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. സെവല കാള എന്നാല്‍ അടങ്ങാത്ത കാള എന്നാണ് അര്‍ഥം.

സംവിധാന സഹായികളായി പ്രവര്‍ത്തിക്കാതെ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത് സിനിമാ പ്രവേശം നടത്തിയ ലോകേഷ് കനകരാജ്, കാര്‍ത്തിക് സുബ്ബുരാജ് എന്നിവരെ പോലെ ഹൃസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനുഭവ സമ്പത്തുമായി സിനിമയിലേക്ക് ചുവട് വെക്കുന്ന പോള്‍ സതീഷ് ‘സെവല കാള’യുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നു. മധുരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ആക്ഷന്‍, പ്രണയം, കോമഡി, സെന്റിമെന്റ് എന്നിങ്ങനെ ഒരു വിനോദ സിനിമക്ക് വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്താണ് നവാഗതനായ പോള്‍ സതീഷ് ‘സെവല കാള’ക്ക് ദൃശ്യാവിഷ്‌കാരം നല്‍കുന്നത്. ഇതില്‍ മുരടന്‍ നായകനായി റോബര്‍ട്ട് മാസ്റ്ററും വില്ലനായി സമ്പത്ത് റാമും അഭിനയിക്കുന്നു. ഉത്തരേന്ത്യന്‍ നടിയായ മീനാക്ഷി ജെയ്സാലാണ് നായിക. തമിഴ് സിനിമയിലെ നായക നിരയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ഈ ചിത്രത്തിലൂടെ റോബര്‍ട്ട് മാസ്റ്റര്‍.
ആര്‍ രാജാമണി ഛായാഗ്രഹണവും പ്രിഥ്വി സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അഞ്ചു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ശങ്കര്‍ മഹാദേവന്‍, അനുരാധ ശ്രീറാം, പ്രസന്ന, മുകേഷ്, വേല്‍മുരുകന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ‘സ്പീയേര്‍സ്’ സതീഷ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു. കെ വി ബാലന്‍ സഹസംവിധായകന്‍.
വിങ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ പോള്‍ സതീഷും ജൂലിയും ചേര്‍ന്നാണ് ‘സെവല കാള’ നിര്‍മ്മിക്കുന്നത്.

