

കോഴിക്കോട്: തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ അനുഷയും വിവാഹിതരായി. എസ് എഫ് ഐ കാലം മുതലുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. ഊന്നുവടിയില്‍ കതിര്‍മണ്ഡപത്തിലെത്തിയ ലിന്റോ അനുഷയെ രക്തഹാരം ചാര്‍ത്തിയാണ് വധുവാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

2019ലെ പ്രളയകാലത്തുണ്ടായ അപകടത്തെ തുടര്‍ന്നാണ് ലിന്റോ ജോസഫിന്റെ വലതുകാലിന് സ്വാധീനം നഷ്ടപ്പെട്ടത്. കൂമ്പാറ മാങ്കുന്ന് ആദിവാസി കോളനിയിലെ ട്യൂമര്‍ രോഗിയായ ബിജുവിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മുക്കം മാമ്പറ്റയില്‍ വെച്ച് ആംബുലന്‍സില്‍ ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടാവുകയായിരുന്നു. സംഭവം രാത്രിയായതിനാല്‍ മറ്റു ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ലിന്റോ തന്നെ ഡ്രൈവ് ചെയ്താണ് ആംബുലന്‍സ് ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഒരുമാസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്ന ലിന്റോ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് നടക്കാന്‍ തുടങ്ങിയത്.

തിരുവമ്പാടി എം എല്‍ എയും ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷററും കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റേയും ലതയുടേയും മകളാണ് അനുഷ.

