
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം തുടരുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ടെലിഫോണില്‍ സംസാരിച്ചു. ഫെബ്രുവരിയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം രണ്ടാം തവണയാണ് ഇരുനേതാക്കളും ടെലിഫോണില്‍ സംസാരിക്കുന്നത്.

പ്രാദേശിക ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കൂടാതെ സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുകയും കപ്പല്‍ ഗതാഗത പാതകള്‍ തുറന്നും സുരക്ഷിതമായും നിലനിര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളായ റാസ് തനൂറ റിഫൈനറിയും യാമ്പൂ തുറമുഖവും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കിരയായിട്ടുണ്ട്.
സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുകയും കപ്പല്‍ ഗതാഗത പാതകള്‍ തുറന്നും സുരക്ഷിതമായും നിലനിര്‍ത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയില്‍ തങ്ങള്‍ ഒരുമിച്ചു എന്നാണ് പ്രധാനമന്ത്രി മോഡി എക്‌സില്‍ കുറിച്ചത്.
സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി തുടരുന്ന പിന്തുണയ്ക്ക് കിരീടാവകാശിക്ക് മോഡി നന്ദി അറിയിച്ചു. ഏകദേശം 27.5 ലക്ഷം ഇന്ത്യക്കാര്‍ സൗദി അറേബ്യയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളിലാകെ ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ ജീവിക്കുകയും തൊഴില്‍ ചെയ്യുകയും ചെയ്യുന്നു.
പശ്ചിമേഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കിയിട്ടുണ്ട്. തെഹ്‌റാനുമായി സ്ഥിരമായി ബന്ധം പുലര്‍ത്തുന്നതിലൂടെ ഹോര്‍മുസ് കടലിടുക്ക് വഴി ഊര്‍ജ ചരക്കുകള്‍ കടത്താന്‍ കഴിയുന്ന ഏതാനും രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

