Connect with us

Special

ഓണത്തെയും ഓണ രുചികളെയും നേരിട്ടറിയാന്‍ കടല്‍ കടന്നവരെത്തി

Published

on


കോഴിക്കോട്: വായിച്ചറിഞ്ഞ കേരളത്തിലെ ഓണത്തെയും ഓണ രുചികളെയും നേരിട്ടറിയാന്‍ കടല്‍ കടന്ന് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട്ടെത്തി. കേരള ടൂറിസം 2020-21 ല്‍ സംഘടിപ്പിച്ച പാചകമത്സരത്തിന്റെ 10 വിജയികളാണ് കുടുംബസമേതം ഓണസദ്യയിലും ഓണപ്പൂക്കളത്തിലും പങ്കെടുത്ത് തങ്ങളുടെ കേരള സന്ദര്‍ശനത്തിനെത്തിയത്.

പപ്പടം, പഴം, പായസം എന്നിവയ്‌ക്കൊപ്പം കുത്തരിച്ചോറും പരിപ്പ്, സാമ്പാര്‍, കാളനും കൂട്ടിയുള്ള ഊണ് സ്വദേശികളും വിദേശികളുമായ എല്ലാ അതിഥികള്‍ക്കും ഏറെ പ്രിയങ്കരമായി. കേരള സന്ദര്‍ശനത്തിനെത്തിയ പത്ത് കുടുംബങ്ങളില്‍ അഞ്ച് കുടുംബങ്ങള്‍ ആണ് വിദേശത്തു നിന്നുള്ളവര്‍.

കോഴിക്കോട് റാവിസ് ഹോട്ടലിലായിരുന്നു വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയത്. നഗരത്തിലെ പഴശ്ശിരാജ പുരാവസ്തു മ്യൂസിയം കണ്ടതിനു ശേഷമാണ് സംഘം റാവിസിലെത്തിയത്. അവിടെ പൂക്കളമൊരുക്കാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിച്ചു.
മികച്ച അനുഭവമാണിവിടെ ലഭിച്ചതെന്ന് റഷ്യയില്‍ നിന്നുള്ള വിജയി സ്വെറ്റാഷോവ നതാലിയ പറഞ്ഞു. വിഭവങ്ങളുടെ രുചിയെക്കുറിച്ചാണ് പശ്ചിമബംഗാളില്‍ നിന്നുള്ള വിധിചുഗ് വാചാലയായത്.

അഥീന അയോണ പാന്റ (യു കെ), മോറോസോവ് നികിത (റഷ്യ), റോക്‌സാന ഡാന സൈലാ (റുമേനിയ), യുകി ഷിമിസു (ജപ്പാന്‍), രമാലക്ഷ്മി സുന്ദരരാജന്‍ (തെലങ്കാന), ജയ നാരായണ്‍ (മഹാരാഷ്ട്ര), ഹിമനന്ദിനി പ്രഭാകരന്‍ (കര്‍ണാടക), വിന്നി സുകാന്ത് (ആന്ധ്രാപ്രദേശ്) എന്നിവരായിരുന്നു മത്സരത്തിലെ മറ്റ് വിജയികള്‍.

കേരള ടൂറിസം മൂന്നോട്ടു വയ്ക്കുന്ന മലബാര്‍ ടൂറിസത്തിന്റെ ഭാഗമായി സന്ദര്‍ശനം കൂടുതലും വടക്കന്‍ കേരളം കേന്ദ്രീകരിച്ചായിരുന്നു. എട്ടു ദിവസത്തെ സന്ദര്‍ശനം ആഗസ്റ്റ് 27നാണ് ആരംഭിച്ചത്.

കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിനെ സജീവമാക്കി നിര്‍ത്തുന്നതില്‍ പാചകമത്സരം വലിയ പങ്കുവഹിച്ചെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ഒരു കോടിയില്‍പ്പരം ഹിറ്റുകളാണ് കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിന് ലഭിച്ചത്. ഓണ്‍ലൈന്‍ ഇടപെടലുകള്‍ സജീവമാക്കിയ ടൂറിസം വകുപ്പിന്റെ നടപടികളും ഇതിന് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

കേരളത്തിലെ ഉത്സവ സീസണില്‍ തന്നെ ഈ സന്ദര്‍ശനമൊരുക്കിയതിലൂടെ ഇവിടുത്തെ പരമ്പരാഗത സംസ്‌ക്കാരത്തെയും സ്വാദിഷ്ടമായ ഭക്ഷണ ശീലത്തെയും കുറിച്ച് സന്ദര്‍ശകര്‍ക്ക് മനസിലാക്കാനായെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു. കേരളത്തിന്റെ തനത് രുചികളെ സ്വന്തം പാചകത്തില്‍ കൊണ്ടുവരാന്‍ പല മത്സരാര്‍ഥികളും ക്ലേശിച്ചു. രാജ്യത്തിനകത്തു നിന്നുള്ള 20 പേര്‍ക്കും വിദേശത്തു നിന്നുള്ള 10 പേര്‍ക്കും 5000 രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികളല്ലാത്ത ആര്‍ക്കും പങ്കെടുക്കാവുന്നതായിരുന്നു കേരള പാചക മത്സരം 2020-21. മൊത്തം 11,605 പേര്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു.അതില്‍ 8600 പേര്‍ രാജ്യത്തിനകത്തു നിന്നും 2,629 പേര്‍ വിദേശത്തു നിന്നുമായിരുന്നു. വീഡിയോ എന്‍ട്രികള്‍ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും പൊതു വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിജയികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്.

വിജയികള്‍ക്ക് സൗജന്യമായി കേരള സന്ദര്‍ശനവും ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സെപ്തംബര്‍ മൂന്നു വരെ സംഘം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കൊച്ചി, കുമ്പളങ്ങി, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ കവ്വായി കായല്‍, സെന്റ് ആഞ്ചലോ കോട്ട, മുത്തപ്പന്‍ ക്ഷേത്രം, വയനാട്ടില്‍ മുത്തങ്ങ, ഇടയ്ക്കല്‍ ഗുഹ, കോഴിക്കോട് ബേപ്പൂര്‍ ബീച്ച് എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ സംഘം സന്ദര്‍ശിച്ചിരുന്നു.

Advertisement

error: Content is protected !!