ഫലസ്തീന്‍ സാംസ്‌ക്കാരിക വാരവുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി

Web Desk
2 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ ലൈബ്രറിയുടെ ഫലസ്തീന്‍ സാംസ്‌ക്കാരിക വാരം; ജീവിതത്തിന് യോഗ്യമായ ഭൂമി വാരാഘോഷം ആഗസ്ത് എട്ടു മുതല്‍ 12 വരെ അരങ്ങേറും. ഫലസ്തീന്റെ കല, സാഹിത്യം, ഭക്ഷണം എന്നിവ ഉള്‍പ്പെടെയാണ് പ്രദര്‍ശനത്തിലുണ്ടാവുക.
പുസ്തക വായന, അല്‍ അഖ്‌സ മസ്ജിദുമായി ബന്ധപ്പെട്ട വീഡിയോ പ്രദര്‍ശനം, ഫലസ്തീനിയന്‍ കഫിയയുടെ ചരിത്രം, ഫലസ്തീനിയന്‍ ആര്‍ക്കൈവുകള്‍, പരമ്പരാഗത എംബ്രോയ്ഡറി തുടങ്ങിയ സെഷനുകള്‍ ഇതില്‍ ഉള്‍പ്പെടും.
ഓണ്‍ലൈനായി നടക്കുന്ന എല്ലാ സെഷനുകളിലും എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാനാവും.
ഫലസ്തീന്റെ ചരിത്രം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫലസ്തീന്‍ സാംസ്‌ക്കാരിക വാരത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി റിസര്‍ച്ച് ആന്റ് ലേണിംഗ് സര്‍വീസസ് ഡയറക്ടര്‍ അബീര്‍ സാദ് അല്‍ കുവാരി പറഞ്ഞു. അറബ് ചരിത്രത്തേയും പൈതൃകത്തേയും കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഫലസ്തീനെ കുറിച്ച് കൂടുതല്‍ പഠിക്കാനും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം മനസ്സിലാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അബീര്‍ സാദ് അല്‍ കുവാരി പറഞ്ഞു.
ആഗസ്ത് എട്ടിന് ഇബ്രാഹിം നസ്‌റല്ലയുടെ കിളിമഞ്ചാരോ സ്പിരിറ്റ് എന്ന നോവലിനെ കുറിച്ചുള്ള പ്രത്യേക പുസ്തക ചര്‍ച്ചയാണ് ആദ്യ പരിപാടി. പങ്കെടുക്കുന്നവര്‍ക്ക് അറബിക്ക് ബുക്ക് ക്ലബ്ബില്‍ ചേരാനും നോവലുകളില്‍ ഫലസ്തീനെ എങ്ങനെ ചിത്രീകരിച്ചിരിക്കുന്നുവെന്ന് അറിയാനും സാധിക്കും.
ആഗസ്ത് ഒന്‍പതിന് അല്‍ ഖുദ്‌സ് പഴയ നഗരത്തിനകത്ത് സ്ഥിതി ചെയ്യുന്ന അല്‍ അഖ്‌സ മസ്ജിദിലേക്ക് വെര്‍ച്വല്‍ യാത്ര നടത്താനാവും. പങ്കെടുക്കുന്നവര്‍ക്ക് വിശുദ്ധ സ്ഥലത്തേക്കുറിച്ചുള്ള വീഡിയോ കാണുന്നത് ഉള്‍പ്പെടെ അല്‍ അഖ്‌സാ പള്ളിയുടെ വാസ്തുവിദ്യയും രൂപകല്‍പ്പനയും പഠിക്കാനും അവസരമുണ്ട്. ഈ സെഷന്‍ അറബിയിലും ഇംഗ്ലീഷിലുമായി പൊതുജനങ്ങള്‍ക്കായി ലഭ്യമാകും.
ആഗസ്ത് 10ന് ഫലസ്തീന്‍ നാടോടി നൃത്തമായ ദാബ്‌കെ കാണാനുള്ള അവസരമുണ്ട്. അതോടൊപ്പം ഫലസ്തീനിലെ പ്രധാനപ്പെട്ട കലാരൂപങ്ങളെയും ഫലസ്തീന്‍ പൈതൃകത്തിന്റെ നിര്‍ണായക ഘടകത്തേയും കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ മുഹമ്മദ് സല്‍മ് നല്കും.
ആഗസ്ത് 11ന് ഫലസ്തീന്‍ കെഫിയ; പ്രതിരോധത്തിന്റെ പ്രതീകം എന്ന അവതരണം ഫലസ്തീന്‍ എംബസിയിലെ സാംസ്‌ക്കാരിക, വിദ്യാഭ്യാസ കാര്യങ്ങളുടെ അംബാസഡറും ഫലസ്തീന്‍ സ്‌കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. യഹ്യ സക്കരിയ അല്‍ അഗ നടത്തും. ഫലസ്തീന്‍ വസ്ത്രങ്ങളുടെ ചരിത്രവും അത് പ്രതിരോധത്തിന്റെ പ്രതീകമായി മാറുന്നതും അദ്ദേഹം അവതരിപ്പിക്കും.
അതേ ദിവസം തന്നെ ഫലസ്തീന്‍ മെമ്മറിയില്‍ നിന്ന് എന്ന പരിപാടിയില്‍ ബഷര്‍ ഹംദാന്‍ ഫലസ്തീന്‍ ആര്‍ക്കൈവുകള്‍ ശേഖരിക്കാനും രേഖപ്പെടുത്താനുമുള്ള ശ്രമങ്ങളെ കുറിച്ച് വിശദീകരിക്കും. മോഷ്ടിച്ചതും നഷ്ടപ്പെട്ടതുമായ ആര്‍ക്കൈവുകള്‍ സംരക്ഷിക്കുന്നതിനും ഫലസ്തീന്‍ സിനിമാ ആര്‍ക്കൈവുകള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ഫലസ്തീന്റെ ഉദ്ദേശ്യം കൂടുതല്‍ സാധൂകരിക്കുന്നതിന് സംസ്‌ക്കാരവും കലയും സിനിമയും ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും എടുത്തുകാണിക്കും. ഹെറിറ്റേജ് ലൈബ്രറിയില്‍ നിന്നുള്ള ഫലസ്തീന്‍ ഇനങ്ങളുടെ അവതരണത്തോടെയാണ് സെഷന്‍ സമാപിക്കുക.
രണ്ട് പരിപാടികളും അറബിയിലാണ് നടക്കുകയെങ്കിലും ഇംഗ്ലീഷ് വിവര്‍ത്തനവുമുണ്ടാകും.
ആഗസ്ത് 12ന് പരമ്പരാഗത ഫലസ്തീനിയന്‍ എംബ്രോയിഡറിയെ കുറിച്ച് തലമുറകളായി കൈമാറുന്ന നാടോടി പാരമ്പര്യത്തെ കുറിച്ചും ഫലസ്തീന്‍ സ്ത്രീകളുടെ മികച്ച കലയെ കുറിച്ചും നിര്‍വചിക്കും. വസ്ത്രത്തിലെ അലങ്കാരങ്ങള്‍ ഉള്‍പ്പെടെ ഗ്രാമത്തിന്റേയോ പ്രദേശത്തിന്റേയോ അടയാളം സൂചിപ്പിക്കുന്നത് എങ്ങനെയെന്ന് ഫെദ അല്ലൗ വിവരിക്കും.
ആഗസ്ത് 12ന് ഫലസ്തീന്‍ പാചക രീതിയെ കുറിച്ചുളള സെഷനുമുണ്ടാകും. ഫലസ്തീനിലെ പാചകരീതി രാജ്യത്തിന്റെ സംസ്‌ക്കാരത്തിന്റെ പ്രത്യേക ഭാഗമാണ്. പങ്കെടുക്കുന്നവര്‍ ഇന്‍സ്റ്റാഗ്രാം ലൈവില്‍ ക്വാല അലോമരിയോടൊപ്പം പ്രത്യേക വിഭവമായ മുസാഖന്‍ തയ്യാറാക്കും. ഫലസ്തീനെ കുറിച്ചു ബോധവത്ക്കരിക്കുന്നതിന് ഖത്തര്‍ നാഷണല്‍ ലൈബ്രറി തയ്യാറാക്കിയ സംരംഭത്തിന് അനുയോജ്യമായ അവസാനമായിരിക്കും ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സെഷന്‍.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www.qnl.qa/en/events പേജ് സന്ദര്‍ശിക്കാവുന്നതാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!