

കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയവരെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. മുളവുകാട് പൊന്നാരിമംഗലം സ്വദേശികളായ പള്ളത്തില്‍ വീട്ടില്‍ അക്ഷയ് (19), ചുള്ളിയ്ക്കല്‍ വീട്ടില്‍ സാജു കെ എ (27), വേവുകാട് വീട്ടില്‍ ഫ്രാന്‍സിസ് ജോസഫ് (37), കുറ്റിക്കപ്പറമ്പില്‍ ആന്റണി ലൂയിസ് കൊറയ (49) എന്നിവരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് അഞ്ചിനാണ് സംഭവം. മുന്‍ പരിചയമുള്ള പാലക്കാട് സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കി പണം കവര്‍ന്നതായാണ് കേസ്. അറസ്റ്റ് ചെയ്ത പ്രതികളെ കൂടാതെ എബനേസര്‍, ശ്രീരാജ് എന്നിവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇരുവരും ഒളിവിലാണ്. ഒളിവില്‍പോയ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

മര്‍ദ്ദനമേറ്റയാള്‍ പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് അടുത്ത വീട്ടില്‍ അഭയം പ്രാപിച്ച് പൊലീസില്‍ വിവരം നല്കുകയായിരുന്നു. മുളവുകാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മന്‍ജിത്ത് ലാല്‍ പി എസിന്റെ നേതൃത്വത്തില്‍ എസ് ഐ സുനേഖ് എന്‍ ജെ, എ എസ് ഐ ശ്യാം കുമാര്‍, എസ് സി പി ഒ സുരേഷ് പി വി, അരുണ്‍ ജോഷി, സി പി ഒ ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

