
കീവ്: ഉക്രൈനിലെ വിമാനത്താവള വികസനത്തിന് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് ആയിരക്കണക്കിന് അസ്ഥികൂടങ്ങള്‍. ഉക്രൈന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ കമ്യൂണിസ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിന്‍ ഭരണകാലത്ത് കൊല്ലപ്പെട്ടവരുടേതാണ് അസ്ഥികൂടങ്ങളെന്നാണ് കരുതുന്നത്.
ഉക്രൈനിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിന് സമീപമാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. 1937- 39 കാലത്ത് കൊല്ലപ്പെട്ട അയ്യായിരം മുതല്‍ എട്ടായിരം വരെ ആളുകളുടെ അസ്ഥികൂടങ്ങളാണ് ഇവയെന്നാണ് കരുതുന്നത്. ഉക്രൈനില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്.

വിമാനത്താവള വികസനത്തിനു മണ്ണു നീക്കിയപ്പോഴാണ് അസ്ഥികൂടങ്ങല്‍ ലഭിച്ചത്. ഖനനം തുടരുന്നതിനാല്‍ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മുന്‍പും ഈ ഭാഗത്ത് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു. സോവിയറ്റ് യൂണിയന്റെ രഹസ്യ പൊലീസ് വിഭാഗം കൊന്നൊടുക്കിയവരുടേതാണ് ഈ അസ്ഥികളെന്നു കരുതുന്നതായി ഉക്രൈന്‍ നാഷനല്‍ മെമറി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക മേധാവി സെര്‍ഗി ഗുട്‌സാല്യുക് പറഞ്ഞു.

ജോസഫ് സ്റ്റാലിന്‍ ഭരണ കാലത്ത് ഏറെ കുപ്രസിദ്ധി നേടിയ സേനാവിഭാഗമാണ് എന്‍ കെ വി ഡി എന്ന രഹസ്യ പൊലീസ്. 1924 മുതല്‍ 1953 വരെ സോവിയറ്റ് ഭരണാധികാരിയായിരുന്ന സ്റ്റാലിന്‍ 15 ലക്ഷത്തിലേറെപ്പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണു കണക്ക്. ഇതില്‍ വലിയൊരു വിഭാഗം ഉക്രൈന്‍ വംശജരാണ്.


