മയക്കുമരുന്ന് ഡോര്‍ ഡെലിവറി നടത്തുന്ന മൂന്നുപേര്‍ എക്‌സൈസ് പിടിയില്‍

Web Desk
3 Min Read

കൊച്ചി: എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ പിടിമുറുക്കി എക്‌സൈസ്. കലൂര്‍ സ്റ്റേഡിയം ഭാഗത്ത് നടന്ന പരിശോധനയില്‍ മൂന്ന് പേരാണ് എം ഡി എം എയുമായി എക്‌സൈസിന്റെ പിടിയിലായത്.

city exchange

കോട്ടയം ഈരാറ്റുപേട്ട പ്ലാമൂട്ടില്‍ വീട്ടില്‍ അബു താഹിര്‍ (25), കൊല്ലം പരവൂര്‍ കൂനയില്‍ പുലിക്കുളത്ത് വീട്ടില്‍ ഷിനുരാജ് (24), കൊല്ലം കോട്ടുവം കോണം കുന്നുവിള വീട്ടില്‍ സംഗീത് (ഇക്രു- 19) എന്നിവരെയാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ അബുവിന്റെ പക്കല്‍ നിന്ന് 2.5 ഗ്രാം എം ഡി എം എയും ഷിനു രാജിന്റെയും സംഗീതിന്റെയും പക്കല്‍ നിന്ന് 60 ചെറു പൊതികളിലായി 26 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു. ഇവര്‍ മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.

മയക്കുമരുന്ന് കേസിലെ പ്രതിയായ അബു ബാംഗ്ലൂരില്‍ ബിസിനസ് ആവശ്യത്തിന് എന്ന വ്യാജേന പോയി മയക്കുമരുന്ന് കടത്തുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ് അബുവിനെ എക്‌സൈസ് കീഴ്‌പ്പെടുത്തിയത്. ആവശ്യക്കാരുടെ ഓര്‍ഡര്‍ പ്രകാരം അവരുടെ ലൊക്കേഷനില്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കുകയായിരുന്നു ഷിനു രാജും സംഗീതും ചെയ്തിരുന്നത്. കലൂര്‍ സ്റ്റേഡിയം ഭാഗത്ത് മയക്കുമരുന്നുമായി പിടിയിലായ ഷിനു രാജിനേയും സംഗീതിനെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്‌സൈസ് സംഘത്തിന് കീഴ്‌പ്പെടുത്താനായത്. പിടികൂടുന്ന സമയത്ത് ഇരുവരും മാരക ലഹരിയിലായിരുന്നു. എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട സംഗീതിനെ എക്‌സൈസ് സംഘവും നാട്ടുകാരും ചേര്‍ന്ന് വളഞ്ഞതിനെ തുടര്‍ന്ന് സംഗീത് എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് ഇവിടെ ഒളിച്ചിരുന്ന ഇയാളെ എക്‌സൈസ് സംഘത്തിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടുപിടിക്കാനായത്. ഈ ഇനത്തില്‍പ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് 10 ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ പരമാവധി 20 വര്‍ഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.

- Advertisement -
Ad image

എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന മയ്ക്കുമരുന്ന് മാഫിയയുടെ പ്രധാന മയക്കുമന്ന് കൈമാറ്റ സ്ഥലം കലൂര്‍ സ്റ്റേഡിയം ആണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ തന്നെ ടൗണ്‍ എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലൂര്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിനെ രൂപപ്പെടുത്തിയിരുന്നു. ഈ ടീമിന്റെ ഗ്രൂപ്പ് തിരിഞ്ഞുള്ള പരിശോധനയില്‍ രണ്ടാഴ്ചക്കിടെ ഏഴ് പേരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 50 ഗ്രാമോളം എം ഡി എം എ പിടിച്ചെടുക്കുകയും ഇവര്‍ മയക്കുമരുന്ന് കടത്തിയിരുന്ന മൂന്ന് ബൈക്കുകളും ഒരു കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പിടിയിലായ ശേഷവും ഇവരുടെ ഫോണുകളിലേക്ക് നിരവധി പേരാണ് വിളിച്ച് കൊണ്ടിരുന്നത്. ഇവരുടെ മയക്ക് മരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഇവരുടെ കെണിയില്‍ അകപ്പെട്ടവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരി വിമോചന കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സജീവ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത് കുമാര്‍, എസ് സുരേഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എന്‍ ഡി ടോമി, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി ഇ ഒ ടി ആര്‍ അഭിലാഷ്, ടി പി ജെയിംസ്, ശരത് മോന്‍ പി എസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!