

കോഴിക്കോട്: വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ എ എസ് ഐ അടക്കം രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സംഭവ ദിവസം ജി ഡി ചാര്‍ജുള്ള എ എസ് ഐ സജി എം, സ്റ്റേഷന്റെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ദിലീഷ് പി എന്നിവര്‍ക്കെതിരെയാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കേസിലെ പ്രതികളില്‍ ഒരാളായ തൃശൂര്‍ സ്വദേശി ഫെബിന്‍ റാഫിയായിരുന്നു ചാടിപ്പോയത്. മജിസ്ട്രേറ്റിന് മുമ്പില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വസ്ത്രം മാറുന്നതിനിടെ സ്റ്റേഷന്റെ പിറകിലൂടെയായിരുന്നു പ്രതി രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിനൊടുവില്‍ തൊട്ടടുത്തുള്ള ലോകോളജിന് സമീപത്തെ കുറ്റിക്കാട്ടില്‍ പ്രതി ഒളിച്ചിരിക്കുന്ന വിവരം വിദ്യാര്‍ഥികളാണ് പോലീസിനെ അറിയിച്ചത്. ശേഷം ചേവായൂര്‍ പോലീസ് പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

ഈ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്് പോലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

