ഇന്ത്യന്‍ ബഹുകക്ഷി പ്രതിനിധി സംഘം ദോഹയില്‍

Web Desk
2 Min Read

ദോഹ: ഇന്ത്യന്‍ ബഹുകക്ഷി പ്രതിനിധി സംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ദോഹയിലെത്തും. ലോക്സഭാ എം പി സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്.

city exchange

ഖത്തറിന് പുറമേ ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് സുപ്രിയാ സുലേയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്നത്. ദോഹയില്‍ ഖത്തറിലെ പ്രമുഖരുമായും മാധ്യമ, അക്കാദമിക് മേഖലയിലെ അംഗങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തും.

ഏപ്രില്‍ 22ന് ഇന്ത്യയില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എം പിമാര്‍, മുന്‍ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍ എന്നിവര്‍ സന്ദര്‍ശന സംഘത്തിലെ അംഗങ്ങളാണ്.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയുടെയും ഖത്തറിന്റെയും നേതൃത്വങ്ങള്‍ പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മെയ് 6 ന് ടെലിഫോണ്‍ സംഭാഷണം നടത്തി സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. മെയ് 7ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍ താനിയും വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതായി ഏപ്രില്‍ 23ന് നടത്തിയ പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

- Advertisement -
Ad image

പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെയും ഭീകരതയുടെ വിപത്തിനെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതിന് ഇന്ത്യ ഏഴ് ബഹുകക്ഷി പ്രതിനിധി സംഘങ്ങളെയാണ് നിയോഗിച്ചത്. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയോട് സഹിഷ്ണുതയില്ലാത്ത ഇന്ത്യയുടെ സമീപനവും അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കുന്നതിനുള്ള പ്രകടനവും ഉറച്ച തീരുമാനവും ഇന്ത്യന്‍ പ്രതിനിധി സംഘം രാജ്യങ്ങളെ അറിയിക്കും.

ഖത്തര്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ സുപ്രിയ സുലെ എം പിക്കു പുറമേ എം പിമാരായ രാജീവ് പ്രതാപ് റൂഡി, വിക്രംജീത് സിംഗ് സാഹ്നി, മനീഷ് തിവാരി, അനുരാഗ് സിംഗ് താക്കൂര്‍, ലാവു ശ്രീ കൃഷ്ണ ദേവരായലു, മുന്‍ വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മ, മുന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുന്‍ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ എന്നിവരാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!