
കൊച്ചി: തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടല്‍ ബസില്‍ കുഴഞ്ഞുവീണ 60കാരിയുടെ ജീവന് രക്ഷിച്ചു. വിവരം അറിഞ്ഞയുടന്‍ തന്നെ ബസ് റൂട്ടില്‍ നിന്ന് വഴിമാറി ഉടന്‍ വൈദ്യസഹായം ഉറപ്പാക്കാന്‍ വിപിഎസ് ലേക്ഷോര് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് തിരിച്ചു.

ഉച്ചയ്ക്ക് 12.30ഓടെയാണ് രോഗിയെയും മറ്റ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ബസ് ആശുപത്രിയിലെത്തിയത്. വൈറ്റില ഹബ്ബില്‍ നിന്നും ബസില്‍ കയറിയ വയോധിക ബസ് കുണ്ടന്നൂരിലെത്തിയപ്പോഴാണ് കുഴഞ്ഞുവീണ് ബോധരഹിതയായത്.

വയോധികയുടെ സമീപത്തിരുന്ന യാത്രക്കാരന് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ലിതിന്, കണ്ടക്ടര്‍ ലെനിന് ശ്രീനിവാസന് എന്നിവര്‍ ഉടന്‍ തന്നെ വാഹനം വഴിതിരിക്കാന്‍ തീരുമാനിച്ചു.
‘സ്ത്രീ കുഴഞ്ഞുവീണപ്പോള്‍ ഒരു യാത്രക്കാരന് ഞങ്ങളെ അറിയിച്ചു. ലേക്ഷോര് ആശുപത്രി സമീപത്തുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നതിനാല്‍, വണ്ടിയിലെ യാത്രക്കാരെ അറിയിച്ചതിന് ശേഷം ഞങ്ങള്‍ വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചു,’ ഇരുവരും പറഞ്ഞു.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സ്ത്രീയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു അടിയന്തര വൈദ്യസഹായം നല്കി. സമയം വൈകിപ്പിക്കാതെയുള്ള ചികിത്സയാണ് വയോധികയുടെ ജീവന് രക്ഷിച്ചത്.
രോഗിയുടെ ആരോഗ്യനിലയറിയാന്‍ ഏകദേശം 30 മിനിറ്റോളം ബസ് ആശുപത്രിയില്‍ കാത്തുനിന്നതിന് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്ര തുടര്‍ന്നു. ജീവന് രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഡ്രൈവറും കണ്ടക്ടറും സന്തോഷം പ്രകടിപ്പിച്ചു.
ബസിന്റെ ഡാഷ് ക്യാമിലെ ദൃശ്യങ്ങള്‍ ആശുപത്രിയിലേ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, എന്നിവ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലുമായി.

