ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്: ആലുവയില്‍ സമാന്തര പാലം നിര്‍മിക്കണമെന്ന് നിര്‍ദ്ദേശം

Web Desk
1 Min Read

ആലുവ: ദേശീയപാതയില്‍ പുളിഞ്ചോട് മുതല്‍ മംഗലപ്പുഴ പാലം വരെയുള്ള നിരന്തരമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും നിവേദനം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എം പി.യോടും എം എല്‍ എയോടുമൊപ്പം ദേശീയ പാത പ്രോജക്ട് ഡയറക്ടര്‍ ബിപിന്‍ മധുവും ദേശീയ പാത അതോറിറ്റിയില്‍ നിന്നുള്ള മറ്റുദ്യോഗസ്ഥര്‍ മറ്റു ജനപ്രതിനിധികളും ആലുവ ദേശീയപാതയില്‍ ഉള്ള ഗതാഗക്കുരുക്ക് നേരിട്ട് കാണുകയും എങ്ങനെ ഇത് പരിഹരിക്കാം എന്നുള്ള ചര്‍ച്ചയും നടത്തി.

city exchange

അതിന്റെ ഭാഗമായി മൂന്നാമത് ഒരു സമാന്തര പാലം ഉള്‍പ്പെടെയുള്ള പല നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഉചിതമായ ഒരു പ്രൊപ്പോസല്‍ മന്ത്രിക്ക് കൊടുക്കാമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ബിപിന്‍ മധു ഉറപ്പുനല്‍കി.

പ്രൊപ്പോസല്‍ എത്രയും വേഗം ഗവണ്‍മെന്റിന് സമര്‍പ്പിക്കണം എന്ന് ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- Advertisement -
Ad image

കൂടാതെ ആലുവയില്‍ നിന്നും പറവൂരിലേക്ക് പോകുന്നവര്‍ക്ക് പറവൂര്‍ കവലയില്‍ സിഗ്‌നല്‍ കൂടാതെ ഫ്രീ ലെഫ്റ്റ് ആയി പോകുവാന്‍ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിയിരുന്നു. ആ ഭാഗം ടാര്‍ ചെയ്യുന്നതിനും മണപ്പുറത്തുനിന്ന് ആലുവയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റായി തിരിയുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ തോട്ടക്കാട്ടുകരയില്‍ നടത്തുന്നതിനും ദേശീയ പാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബെന്നി ബഹനാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ബിപിന്‍ മധു, ദേശീയപാത അതോറിറ്റിയിലെ മറ്റ് ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത്തീഫ് പുഴിത്തറ, ഫാസില്‍ ഹുസൈന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!