

കാലടി: ആലുവ, പെരുമ്പാവൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പെരുമ്പാവൂര്‍ ഭാഗത്തുനിന്നും ഏറ്റവും എളുപ്പത്തിലും വേഗത്തിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്താന്‍ കഴിയുന്ന വിധത്തില്‍ 2016ല്‍ 26 കോടിയുടെ ഭരണാനുമതി ലഭിച്ചു നിര്‍മ്മാണം തുടങ്ങിയ പാറപ്പുറം വല്ലം കടവ് പാലത്തിന്റെ പണികള്‍ പുനഃരാരംഭിച്ചു. ആകെയുള്ള ഒന്‍പത് സ്പാനുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയായതോടെ കോണ്‍ട്രാക്ടര്‍ പണി നിര്‍ത്തിവെച്ചിരുന്നു. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് പി കുന്നപ്പിള്ളി എന്നിവരുടെ നിരന്തര ശ്രമഫലമായി ബാക്കിയുള്ള ആറ് സ്പാനുകളിലെ ബീമുകള്‍, സ്ലാബുകള്‍, ഇരുകരയിലെയും അപ്രോച്ച് റോഡുകള്‍, പെരുമ്പാവൂര്‍ ഭാഗത്തെ ബ്ലോക്ക് കള്‍വര്‍ട്ട് എന്നിവയുടെ നിര്‍മ്മാണത്തിനായി മൊത്തം 11,18,56,853 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ, എല്‍ദോസ് പി കുന്നപ്പിള്ളി എം എല്‍ എ എന്നിവര്‍ അറിയിച്ചു. ടെണ്ടറിന്റെ ബാക്കിയുള്ള നടപടികള്‍ സ്വീകരിച്ച് ഉടനടി പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു പൂര്‍ത്തീകരിക്കുമെന്ന് എം എല്‍ എമാര്‍ പറഞ്ഞു.

