

തിരുവനന്തപുരം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി പുതിയ അംഗങ്ങളുടെ യോഗത്തിലാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. സി മുഹമ്മദ് ഫൈസി ചെയര്‍മാനായ 2018- 21 വര്‍ഷ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമ്മിറ്റി പുന:സംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറും ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ് സി മുഹമ്മദ് ഫൈസി. പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗം, ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്‌ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം, ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍ എക്‌സിക്യൂട്ടീവ് അംഗം, കേരള വഖഫ് ബോര്‍ഡ് മുന്‍ അംഗം എന്നീ നിലകളില്‍ അദ്ദേഹം ശ്രദ്ധേയനായിരുന്നു.

യോഗത്തില്‍ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫിസര്‍ മലപ്പുറം കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ സ്വാഗതം പറഞ്ഞു. പ്രിസൈഡിംഗ് ഓഫിസര്‍, ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. പറവൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സഫര്‍ കായല്‍ സി മുഹമ്മദ് ഫൈസിയുടെ പേര് നിര്‍ദ്ദേശിച്ചു. താനൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ പി ടി അക്ബര്‍ പിന്താങ്ങി. തുടര്‍ന്ന് ഐക്യകണ്‌ഠേന ചെയര്‍മാനെ തെരഞ്ഞെടുക്കുകയായിരുന്നു.

