

ആലുവ: കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം തടി ലോറിയില്‍ മരം ഉരസി മറിഞ്ഞുവീണ് വൈദ്യുതി കമ്പികള്‍ പൊട്ടി. ഇതോടെ പോസ്റ്റുകളും മറിഞ്ഞു. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

എറണാകുളം ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയിലെ തടി ലോഡില്‍ തണല്‍ മരത്തിന്റെ വലിയ കൊമ്പ് കുടുങ്ങുകയായിരുന്നു. എന്നാല്‍, ഇത് ശ്രദ്ധിക്കാതെ ലോറി മുന്നോട്ടെടുത്തപ്പോള്‍ മരം കടപുഴകി വൈദ്യുതി കമ്പികളിലേക്ക് മറിഞ്ഞു. ഇതോടെ കമ്പികള്‍ പൊട്ടുകയും രണ്ട് പോസ്റ്റുകള്‍ മറിയുകയും ചെയ്തു. വൈദ്യുതി കമ്പികള്‍ പൊട്ടിയയുടന്‍ വൈദ്യുതി ബന്ധം നിലച്ചതിനാല്‍ അപകടം ഒഴിവായി.

അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെപോയ ലോറി സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പിന്തുടര്‍ന്ന് പെരുമ്പാവൂര്‍ റോഡില്‍ വച്ച് പിടികൂടി. പിന്നീട് ആലുവ ഈസ്റ്റ് പൊലീസിന് കൈമാറി.
