ഡോ. ഹുസൈന്‍ മടവൂരിന് ഗോള്‍ഡന്‍ വിസ

Web Desk
3 Min Read

ദുബൈ: കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂരിന് യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചു.

city exchange

വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കുള്ള ആദരമായാണ് യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. ദുബൈ ഇമിഗ്രേഷന്‍ വിഭാഗം ഓഫീസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഉയര്‍ന്ന ഓഫീസര്‍മാര്‍ വിസ സമര്‍പ്പണം നടത്തി.

നാല് പതിറ്റാണ്ടുകളായി വിദ്യാഭ്യാസ പ്രചാരണത്തിനും അക്കാദമിക രംഗത്തെ നവീകരണത്തിനും ഡോ. ഹുസൈന്‍ മടവൂര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഗോള്‍ഡന്‍ വിസക്ക് പരിഗണിച്ചത്. ഉത്തരേന്ത്യയിലെ പിന്നാക്ക ഗ്രാമങ്ങളിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കാനുള്ള നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിയിട്ടുള്ളത്. അത്തരം പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കുകയും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍, ഉച്ചഭക്ഷണം തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യുന്നു. അനാഥരും അഗതികളുമായ വിദ്യാര്‍ഥികളെ ദത്തെടുത്ത് സംരക്ഷിക്കുന്നു.

- Advertisement -
Ad image

ഡല്‍ഹി, യു പി , ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, അസം, ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എച്ച് ആര്‍ ഡി എഫിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ആരോഗ്യ ബോധവല്‍ക്കരണം, ചികിത്സാ സഹായം, കുടിവെള്ള പദ്ധതികള്‍, പുനരധിവാസം തുടങ്ങിയ മേഖലകളില്‍ നൂറു കണക്കിന് പദ്ധതികളാണ് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നത്.

ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളെജ്
പ്രിന്‍സിപ്പാള്‍ ആയി വിരമിച്ച ശേഷം അദ്ദേഹം കൊല്ലത്തെ
ശ്രീ നാരായണ ഗുരു സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അറബിക് അക്കാദമിക് കമ്മിറ്റി ഡിസിപ്ലിന്‍ ചെയര്‍മാനായി നിയമിതനായി. നേരത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ചെന്നൈയിലെ ബി എസ് എ ആര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.

യു ജി സിയുടെ കീഴില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി, ശ്രീനഗര്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ യൂണിവേഴ്സ്റ്റികളില്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ത്യാ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ലൈഫ് മെമ്പറാണ്. ഉത്തരേന്ത്യയിലെ മത പാഠശാലകളിലെ വിദ്യാര്‍ഥികളെ നാഷനല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്‌ന്റെ പരീക്ഷക്കിരുത്തി അവരെ മുഖ്യധാരാ പൊതുവിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മേപ്പയ്യൂര്‍ സലഫിയ അസോസിയേഷന്‍, നരിക്കുനി സലഫി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാനും വയനാട് മുസ്‌ലിം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമാണ്. കൂടാതെ തിരുരങ്ങാടി ഓര്‍ഫനേജ്, അരീക്കോട് സുല്ല മുസ്സലാം, വാഴക്കാട് ദാറുദ്ദഅവ തുടങ്ങിയ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗവുമാണ്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്ന് ശേഷം ഫാറൂഖ് ആര്‍ യു എ കോളെജിലായിരുന്നു പഠനം. അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദാനനന്തര ബിരുദം നേടി.
സൗദിയിലെ മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്സ്റ്റിയില്‍ മത താരതമ്യപഠനം മുഖ്യ വിഷയമായെടുത്ത് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കി. അമേരിക്ക, ബ്രിട്ടന്‍, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ, ഫലസ്തീന്‍ ജോര്‍ദാന്‍, തുര്‍ക്കി, ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പ്രമുഖ സര്‍വ്വകലാശാലകളിലും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സെമിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാനതല കോ- ഓഡിനേറ്റര്‍ ആയും കേന്ദ്ര ഉര്‍ദു ഭാഷാ സമിതി, അറബി ഭാഷാ സമിതി, സംസ്ഥാന വഖഫ് ബോര്‍ഡ്, സംസ്ഥാന സാക്ഷരതാ സമിതി എന്നിവയില്‍ അംഗമായും ഡോ. ഹുസൈന്‍ മടവൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അദ്ദേഹം യു എ ഇ ഭരണാധികാരികള്‍ക്ക് നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!