
ദുബൈ:

സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ. ഇയില്‍ ജാഗ്രത ശക്തമാക്കി. കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാന്‍ യുഎഇയിലെ ആരോഗ്യ മേഖല സുസജ്ജമാണെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വ്യാപനം തടയാന്‍ മുഴുവന്‍ പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. വാക്‌സിന്‍ സ്വീകരിച്ച് നിശ്ചിത കാലവധി പിന്നിട്ടവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണം. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ വനിതയിലാണ് ആദ്യമായി യുഎഇയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. പക്ഷേ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ ബാധ കണ്ടെത്തിയ വനിത ഏത് ആഫ്രിക്കന്‍ രാജ്യത്ത് നിന്നാണ് യുഎഇയില്‍ എത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു അറബ് രാജ്യം സന്ദര്‍ശിച്ചാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. കോവിഡ് വകഭേദം കണ്ടെത്തിയ വനിതയെയും അവരുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരിപ്പോള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി നേരത്തേ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ യുഎഇയില്‍ ഗ്രീന്‍പാസ് പ്രോട്ടോകോളില്‍ മന്ത്രാലയം മാറ്റം പ്രഖ്യാപിച്ചു. നേരത്തെ പിസിആര്‍ നെഗറ്റീവ് ആയാല്‍ 30 ദിവസം അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍പാസ് ലഭിച്ചിരുന്നു. ഇത് 14 ദിവസമാക്കി ചുരുക്കി. ഈ മാസം 5 മുതലാണ് മാറ്റം നിലവില്‍ വരിക. ആപ്പില്‍ പച്ച നിറം നിലനിര്‍ത്താന്‍ ഇനി 14 ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധനക്ക് വിധേയമാകേണ്ടി വരും. ഗള്‍ഫില്‍ ആദ്യം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് സൗദി അറേബ്യയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജിലും അറിയിച്ചു. രാജ്യത്തുള്ളവരോട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ 70 ശതമാനത്തിലേറെ ജനതയും വാക്‌സിന്‍ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവരാണ്. മൂന്നാം ഡോസ് വിതരണം പുരോഗമിക്കുന്നതിനിടെയാണ് ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഒമിക്രോണ്‍ സാന്നിധ്യമുള്ള 14 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

