

കോഴിക്കോട്: സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സും യുഎല്‍ സൈബര്‍പാര്‍ക്കും ചേര്‍ന്ന് ‘ടെക് പള്‍സ്’ എന്നു പേരില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമാണ് സൊസൈറ്റിയുടെ ഉപസ്ഥാപനങ്ങള്‍ നടത്തുന്ന ടെക് പള്‍സ്. ഫെബ്രുവരി 15 മുതല്‍ 17 വരെ കോഴിക്കോട്ടെ യുഎല്‍ സൈബര്‍പാര്‍ക്കിലാണു ഹാക്കത്തോണ്‍.

നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോഗിച്ചു നേരിടാന്‍ നൂതനാശയക്കാരായ യുവാക്കള്‍ക്കു ലഭിക്കുന്ന വേദിയാണ് ടെക് പള്‍സ്. സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, സമൂഹ നിയന്ത്രിത സംരംഭങ്ങള്‍, ഫീല്‍ഡ് ഓപ്പറേഷനുകളിലെ തൊഴില്‍ ഹാജരും മനുഷ്യവിഭവ പരിപാലനവും തുടങ്ങിയ രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ നല്ല അവസരമാണിത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, കൂടുതല്‍ സുസ്ഥിരവും സമഗ്രവും നൂതനവുമായ ഭാവിക്കായി സംഭാവന നല്‍കാനും പങ്കെടുക്കുന്നവര്‍ക്കാകും.

സംസ്ഥാനത്തെ എല്ലാ കോളേജിലെയും സാങ്കേതിക വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. അഞ്ചുപേര്‍ അടങ്ങുന്ന ടീമുകളായാണു പങ്കെടുക്കേണ്ടത്. ഓരോ സ്ഥാപനത്തിനും ഓരോ ടീമിനെ നിര്‍ദ്ദേശിക്കാം. ഇവര്‍ ഫെബ്രുവരി 5-നകം പ്രൊപ്പോസലുകള്‍ അയയ്ക്കണം. നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ ഏതിലെങ്കിലും ആയിരിക്കണം പ്രൊപ്പോസല്‍. വിദഗ്ദ്ധപരിശോധനയിലൂടെ തെരഞ്ഞെടുക്കുന്ന 15 ടീമുകള്‍ക്കാണ് അവസരം. ഈ ടീമുകള്‍ തങ്ങളുടെ സാങ്കേതികമികവു വെളിവാക്കുന്ന സൊല്യൂഷനുകള്‍ ജൂറിക്കുമുന്നില്‍ അവതരിപ്പിക്കണം. വിജയികളായ ടീമുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ സമ്മാനത്തുക വിതരണം ചെയ്യും.
വിവരങ്ങള്‍ക്ക്: https://techpulse.ultsglobal.com.

