
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാത്രി 10.15 ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പമാപിനിയില്‍ 4.9 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്.

ഉത്തരാഖണ്ഡില ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹി- എന്‍ സി ആര് ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പ്രകാരം ഉത്തരാഖണ്ഡിലെ ചമോലിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പില്‍നിന്ന് 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.
ഡല്‍ഹി- എന്‍ സി ആറിലും മറ്റ് പ്രദേശങ്ങളിലും ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്നെങ്കിലും വ്യക്തമായി അനുഭവപ്പെട്ട പ്രകമ്പനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേര് സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് അനുഭവപ്പെട്ട ഭൂചലനത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചു.
ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായെങ്കിലും വലിയ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

