എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല; എന്നോടൊപ്പം നടക്കൂ: ഗാന്ധിജി ഓര്‍മ പ്രദര്‍ശനം ആരംഭിച്ചു

Web Desk
3 Min Read

കൊച്ചി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വവും അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവബഹുലമായ അവസാന 18 മാസം ചെലവഴിച്ച ഇടങ്ങളിലൂടെയുള്ള യാത്രകളും ഓര്‍മിപ്പിക്കുന്ന യാത്രാക്കുറിപ്പുകളും കലാസൃഷ്ടികളും വീഡിയോകളും ഇന്‍സ്റ്റലേഷനുകളുമുള്‍പ്പെട്ട ‘യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി (You I Could not Save, Walk with Me)’ പ്രദര്‍ശനത്തിന് തുടക്കമായി. ഗാന്ധിജി കൊല്ലെപ്പട്ട ജനുവരി 30ന് വൈകിട്ട് 5:17ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നവര്‍ മെഴുകുതിരികള്‍ കത്തിച്ചു പിടിച്ച് അനുസ്മരിച്ചതോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്.

city exchange

ഉദ്ഘാടന ചടങ്ങില്‍ ചരിത്രകാരന്‍ സുധീര്‍ ചന്ദ്ര, ഡല്‍ഹി യൂണിവേഴ്സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകന്‍ കെ പി ശങ്കരന്‍, സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ തുടങ്ങിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ശ്രീവത്സന്‍ ജെ മേനോന്‍, വിധു വിജയ്, ആര്യവൃന്ദ നായര്‍ എന്നിവര്‍ ‘രഘുപതി രാഘവ രാജാ റാം’ ആലപിച്ചു. ഗാന്ധി അനുസ്മരണം ഒരു ചടങ്ങ് മാത്രമായി തീര്‍ന്നിരിക്കുന്നതിനാല്‍ താന്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട യാതൊരു പരിപാടികളിലും പങ്കെടുത്തിട്ടില്ലെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും സുധീര്‍ ചന്ദ്ര അറിയിച്ചു.

ഗാന്ധിജിയുടെ അവസാനകാല യാത്രകള്‍ പിന്തുടര്‍ന്ന് തയ്യാറാക്കിയ കലാപ്രദര്‍ശനം പതിവ് ഗാന്ധി അനുസ്മരണങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ഗാന്ധിയെ വീണ്ടെടുക്കണമെങ്കില്‍ അദ്ദേഹം സാധാരണനിലയിലുള്ള ഹിന്ദു അല്ലായിരുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് കെ പി ശങ്കരന്‍ പറഞ്ഞു. ഇന്ത്യ എന്ന രാഷ്ട്രം ഉണ്ടാകുന്നതിനെ എതിര്‍ത്ത അരാഷ്ട്രീയ ചിന്തകനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഭൂരിപക്ഷം പേരും ദാരിദ്ര്യം അനുഭവിക്കുന്ന ആളുകളാണ്. ദരിദ്രന്റെ കണ്ണീരൊപ്പാതെ ഈ രാജ്യത്തിന് രക്ഷയുണ്ടാകില്ലെന്ന് പറഞ്ഞയാളാണ് ഗാന്ധി. അദ്ദേഹത്തിന്റെ വാക്കുകളെ വിലയ്ക്കെടുത്ത് രണ്ടാം സ്വാതന്ത്ര്യത്തിന് വേണ്ടി സമാധാനപൂര്‍വ്വം തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാഥുറാം വിനായക് ഗോഡ്സെയുടെ എല്ലാവിധത്തിലുമുള്ള വകഭേദങ്ങളും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ തകര്‍ക്കാനുള്ള ഉപാധി ഗാന്ധിജിയാണെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങളോട് കലഹിച്ചിരുന്ന താന്‍ പത്ത് പതിനഞ്ച് വര്‍ഷമായി അദ്ദേഹം ബ്രാഹ്മണ്യത്തെയും ഹിന്ദുത്വത്തെയും എതിര്‍ത്തിരുന്നത് എങ്ങനെയായിരുന്നുവെന്ന് പഠിക്കുകയാണ്. ഗാന്ധിജിയുടെ നാടായ ഗുജറാത്തില്‍ യുദ്ധക്കളം വിട്ട കൃഷ്ണനെ ആരാധിക്കുന്നുണ്ട്. മഹാഭാരത യുദ്ധത്തില്‍ ആയുധമെടുക്കാന്‍ വിസമ്മതിച്ച കൃഷ്ണനെയാണ് രണ്‍ചോഡ് എന്നു വിളിച്ച് അവര്‍ ആരാധിക്കുന്നത്. ഗാന്ധിജിയും അക്കൂട്ടത്തില്‍ ഒരാളായിരുന്നു. ഗുജറാത്തിലെ തന്നെ പലരും ആ മാര്‍ഗ്ഗം കൈവെടിയുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഗാന്ധിജിയുടെ അവസാന നാളുകള്‍ തേടിയുള്ള ഈ പ്രദര്‍ശന യാത്ര അതുകൊണ്ട് തന്നെ പ്രസക്തമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സ്വാതന്ത്ര്യലബ്ധിയുടെ ആവേശം കെടും മുമ്പേ എന്തുകൊണ്ട് ഒരു ഇന്ത്യക്കാരന്റെ വെടിയുണ്ടയ്ക്ക് ഗാന്ധിജി ഇരയായി, സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ഗാന്ധിജി നടത്തിയ രണ്ട് നിരാഹാര സമരങ്ങള്‍ എന്തിന് വേണ്ടിയായിരുന്നു, നവഖലിയിലും ബിഹാറിലും കല്‍ക്കത്തയിലും ഡല്‍ഹിയിലും ഗാന്ധിജി നടത്തിയ സമരങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ചരിത്രകാരനും കവിയുമായ പി എന്‍ ഗോപീകൃഷ്ണനും ഫോട്ടോഗ്രാഫര്‍ സുധീഷ് എഴുവത്തും നടത്തിയ അന്വേഷണമാണ് പ്രദര്‍ശനത്തിന്റെ കാതല്‍. അവര്‍ക്കൊപ്പം ഈ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ വിഖ്യാത ചിത്രകാരന്‍ മുരളി ചീരോത്തും ഹ്യൂമന്‍ ജിയോഗ്രഫര്‍ ഡോ. ജയരാജ് സുന്ദരേശനും നവഖലിയിലും ബിഹാറിലും കല്‍ക്കത്തയിലും ഡല്‍ഹിയിലും അവസാന കാലത്ത് ഗാന്ധിജി നടത്തിയ യാത്രകളെ പിന്തുടര്‍ന്നാതാണ് ചരിത്രം കുറിയ്ക്കുന്ന ഈ പ്രദര്‍ശനത്തിന് പ്രചോദനമായിരിക്കുന്നത്. പ്രദര്‍ശനം ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കും. രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശന സമയം.

ഫെബ്രുവരി 16 വരെ നടക്കുന്ന വിവിധ ചര്‍ച്ചാ പരിപാടികളില്‍ സുധീര്‍ ചന്ദ്ര, എം വി നാരായണന്‍, മന്ത്രി എം ബി രാജേഷ്, എസ് ഗോപാലകൃഷ്ണന്‍, പി എന്‍ ഗോപീകൃഷ്ണന്‍ സുധീഷ് എഴുവത്ത്, രാമചന്ദ്ര റാഹി, എ അണ്ണാമലൈ, പാപ്പരി സര്‍ക്കാര്‍, രഹ നബ കുമാര്‍, ഇ പി ഉണ്ണി, എന്‍ എസ് മാധവന്‍, ആര്‍ ശിവകുമാര്‍, വി എം ഗിരിജ, എം സുചിത്ര, അന്‍വര്‍ അലി തുടങ്ങിയവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!