

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അട്ടിമറി ആരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി ടി ആന്റ് നേച്ചറിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഗാന്ധി പ്രതിമക്കു സമീപം സത്യാഗ്രഹം. നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തിലേക്ക് അന്തരിച്ച പി ടി തോമസ് എം എല്‍ എയുടെ ഭാര്യ ഉമാ തോമസുമെത്തി. ആക്രമിക്കപ്പെട്ട നടിയെ പൊലീസിലെത്തിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും ആദ്യം രംഗത്തുണ്ടായിരുന്നത് പി ടി തോമസ് എം എല്‍ എയായിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടപെട്ട് നടിയെ പൊലീസുമായി ബന്ധപ്പെടുത്തിയ ശേഷം പുലര്‍ച്ചെ വീട്ടിലെത്തിയ പി ടി തോമസ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. പിന്നീട് പല തവണ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് വീണ്ടും നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. പി ടി ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശക്തമായി നിലപാടെടുക്കുമായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താനല്ല അക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നായിരുന്നു ഉമാ തോമസിന്റെ മറുപടി.

