

ജനീവ: റഷ്യയുടെ ആക്രമണം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ യുക്രെയ്‌നില്‍ പകുതിയോളം കുട്ടികളും കുടിയിറക്കപ്പെട്ടെന്ന് യു എന്‍. യുക്രെയ്‌നിലെ 75 ലക്ഷം കുട്ടികളില്‍ 43 ലക്ഷം പേര്‍ക്കും അവരവരുടെ വീടുവിട്ട് പോകേണ്ടിവന്നുവെന്ന് യൂനിസെഫ് അറിയിച്ചു. സൈനിക നടപടി ആരംഭിച്ചശേഷം 18 ലക്ഷം കുട്ടികള്‍ അഭയാര്‍ഥികളായി. 25 ലക്ഷം പേര്‍ വീട് നഷ്ടപ്പെട്ട് യുക്രെയ്‌നില്‍ തുടരുകയാണ്.

യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കണക്കുപ്രകാരം 81 കുട്ടികള്‍ യുക്രയ്‌നില്‍ കൊല്ലപ്പെട്ടു. 108 പേര്‍ക്കു പരിക്കേറ്റു. എന്നാല്‍, ശരിയായ കണക്കുകള്‍ ഇതിലും കൂടുമെന്നും യു എന്‍ എച്ച് ആര്‍ സി അറിയിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം കുട്ടികള്‍ കുടിയിറക്കപ്പെടാന്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം കാരണമായെന്ന് യുനിസെഫ് മേധാവി കാതറിന്‍ റസ്സല്‍ പറഞ്ഞു.

തലമുറകളോളം ഇതിന്റെ പ്രത്യാഘാതം നിലനില്‍ക്കും. സംഘര്‍ഷം തുടരുന്നതിനാല്‍ കുട്ടികളുടെ സുരക്ഷയും ക്ഷേമവും അടിസ്ഥാനസേവനങ്ങളുടെ ലഭ്യതയും ഭീഷണിയിലാണെന്നും അവര്‍ പറഞ്ഞു.
