പുതിയ ഭരണഘടന പ്രകാരമുള്ള ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ യു പി പി

Web Desk
2 Min Read

മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഡിസംബര്‍ ആദ്യവാരം പുതിയ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണസമിതിയുടെ നീക്കം ജനാധിപത്യ ലംഘനവും നടപടിക്രമങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് യുണൈറ്റഡ് പാരെന്റ്‌സ് പാനല്‍ (യു പി പി) ആരോപിച്ചു. ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ ബോഡിയില്‍ രക്ഷിതാക്കളുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും അംഗീകാരം ലഭിച്ചതായി സര്‍ക്കുലര്‍ അയച്ചത് തെറ്റായ നടപടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.

city exchange

പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ ഭേദഗതിക്കെതിരെ രക്ഷിതാക്കള്‍ എതിര്‍പ്പ് ഉന്നയിച്ചതിനെത്തുടര്‍ന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാനോ അംഗീകാരം നേടാനോ കഴിഞ്ഞിരുന്നില്ല. രഹസ്യ വോട്ടെടുപ്പും നടന്നില്ല. അതിനാല്‍ യോഗത്തിന്റെ മിനിറ്റ്‌സും വോട്ടെടുപ്പ് രേഖകളും പ്രസിദ്ധീകരിക്കണമെന്ന് യു പി പി ആവശ്യപ്പെട്ടു.

കഴിഞ്ഞ 12 വര്‍ഷത്തെ ഭരണകാലത്തെ വികസന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളും ബസ് ട്രാക്കിങ് സംവിധാനവും യഥാര്‍ഥ നേട്ടങ്ങളല്ലെന്ന് യു പി പി വിമര്‍ശിച്ചു. ക്ലാസ് മുറികളില്‍ ടെലിവിഷന്‍ മോണിറ്ററുകള്‍ സ്ഥാപിച്ചതുകൊണ്ടുമാത്രം അവ സ്മാര്‍ട്ട് ക്ലാസ് മുറികളാകില്ലെന്നും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കുന്നതിന് അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും യു പി പി ആവശ്യപ്പെട്ടു.

സ്മാര്‍ട്ട് ക്ലാസിന്റെ പേരില്‍ ഓരോ കുട്ടിയില്‍ നിന്നും പ്രതിമാസം ഒരു ദിനാര്‍ വീതം ഈടാക്കുന്നതിന്റെ വരുമാന- ചെലവ് കണക്കുകള്‍ പുറത്തുവിടണം. ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൃത്യസമയത്ത് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍, പുതിയ കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ ആലോചിക്കുന്നതിന്റെ സാമ്പത്തിക അടിത്തറ എന്താണെന്നും ഇതിന് പിന്നിലെ ഗൂഢലക്ഷ്യമെന്താണെന്നും ഭരണസമിതി വ്യക്തമാക്കേണ്ടതുണ്ടെന്നും യു പി പി ഉന്നയിച്ചു.

- Advertisement -
Ad image

റിഫാ ക്യാമ്പസിന്റെ വായ്പ തിരിച്ചടച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇന്‍ഫ്രാസ്ട്രക്ചര്‍ ഫീ ഇനത്തില്‍ 12,000ത്തോളം കുട്ടികളില്‍നിന്ന് പ്രതിമാസം നാലര ദിനാര്‍ വീതം ഈടാക്കുന്നുണ്ട്. ഏകദേശം 50,000 ദിനാര്‍ പ്രതിമാസ വരുമാനമുണ്ടായിട്ടും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാത്തത് സംശയമുയര്‍ത്തുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ ബഹ്റൈനിലെ അക്കാദമിക് രംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന ഇന്ത്യന്‍ സ്‌കൂളിന്റെ പഠനനിലവാരം സമീപകാലത്ത് പിന്നോട്ടുപോയെന്നും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ഭരണസമിതി പരാജയപ്പെട്ടെന്നും യു പി പി ആരോപിച്ചു. ഇസാടൗണ്‍ ക്യാമ്പസില്‍ അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും ഒരുക്കാന്‍ പോലും കഴിയാത്തവര്‍ വികസനനേട്ടങ്ങള്‍ പെരുപ്പിച്ചുകാട്ടുകയാണെന്നും വിമര്‍ശിച്ചു.

ശമ്പള പ്രതിസന്ധിക്കിടയിലും ആത്മാര്‍ഥമായി ജോലി ചെയ്യുന്ന അധ്യാപകരെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും യു പി പി അറിയിച്ചു.

ജനാധിപത്യപരവും സുതാര്യവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും രക്ഷിതാക്കള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തി പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കണമെന്നും യു പി പി ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ഡോ. സുരേഷ് സുബ്രഹ്മണ്യം, ഹിളര്‍ വലിയകത്ത്, എഫ് എം ഫൈസല്‍, ചന്ദ്രബോസ്, സുനീഷ് സുശീലന്‍, റഫീഖ് അബ്ദുള്ള, അബ്ബാസ് സേഠ്, ഫിലിപ്പ് കറുകച്ചാല്‍, ഷിബിന്‍ തോമസ്, ദേവദാസ് നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!