

കോഴിക്കോട്: ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ബഹുമതി കോഴിക്കോട് ഫറോക്കിലെ മീനാക്ഷി കരസ്ഥമാക്കി. ഫറോക്ക് കരുവന്‍ തുരുത്തി സഫീദ മന്‍സിലില്‍ ക്ഷീര കര്‍ഷകന്‍ കെ എം ബഷീറിന്റെ അരുമയാണ് മീനാക്ഷി. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് മീനാക്ഷിയ്ക്ക് ഒരു കുട്ടി ജനിച്ചു. ഇതോടെയാണ് പ്രസവിച്ച ഏറ്റവും ചെറിയ പശുവെന്ന ബഹുമതി മീനാക്ഷി സ്വന്തമാക്കിയത്.

ഈ ഗണത്തില്‍ വെച്ചൂര്‍ പശുവിനാണ് നിലവിലെ ഗിന്നസ് റിക്കാര്‍ഡ്. ഗിന്നസ് രേഖകള്‍ പ്രകാരം ഈ പശുവിന് ഉയരം 90 സെന്റീമീറ്ററാണ്. എന്നാല്‍ മീനാക്ഷിയുടെ ഉയരം 76 സെന്റീമീറ്റര്‍.

വെറ്ററിനറി സര്‍ജന്‍ ഡോ. ഇ എം മുഹമ്മദിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മീനാക്ഷി മൂന്ന് വയസുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പശുവാണ്. ആന്ധ്രയിലെ പുങ്കാനൂര്‍ ഇനത്തില്‍ പെട്ടതാണ് മീനാക്ഷി. ഗിന്നസ് റെക്കോഡാണ് അടുത്ത ലക്ഷ്യമെന്ന് കെ എം മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഇന്ത്യയില്‍ വംശനാശം നേരിടുന്ന അപൂര്‍വ്വയിനം നാടന്‍ പശുക്കളെ പരിപാലിക്കുന്നതില്‍ കൗതുക കണ്ടെത്തുന്ന ബഷീറിന്റെ കാലിത്തൊഴുത്തില്‍ പത്തിനം നാടന്‍ പശുക്കളുണ്ട്. മികച്ച സഹകാരിയും കരുവന്‍ തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സംയോജിത ജൈവ കൃഷിയുടെ ഫറോക്ക് ഏരിയ ചെയര്‍മാനുമാണ്.
നാടന്‍ പശുക്കളില്‍ നിന്നും പോഷക മൂല്യമുള്ള പാലും പാലുല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്ന ഡിവൈന്‍ നാച്ചുറല്‍ എ ടു മില്‍ക്ക് സ്ഥാപനം നടത്തിപ്പിനായി രാജ്യത്തുടനീളം സഞ്ചരിക്കാറുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫറോക്ക് കരുവന്‍ തുരുത്തി മഠത്തില്‍ പാടം സഹീദ മന്‍സിലില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും.
പത്ര സമ്മേളനത്തില്‍ യു ആര്‍ എഫ് വേള്‍ഡ് റിക്കോര്‍ഡ് ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, ഡോ. ഇ എം മുഹമ്മദ്, കെ എം മുഹമ്മദ് ബഷീര്‍, ഗിന്നസ് പ്രജീഷ് കണ്ണന്‍, വിനു തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.

