
മുംബൈ: ബി.ജെ.പിയുടെ ജൈത്രയാത്രക്കു പിന്നിലെ രഹസ്യം ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയാണെന്ന് വിമര്‍ശിച്ച് ശിവസേന മുഖപത്രം ‘സാംന’.


തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മത, ജാതി, വര്‍ഗ വികാരം കത്തിയാളിച്ചും അണികളെകൊണ്ട് പാകിസ്താന്‍ സിന്ദാബാദ് വിളിപ്പിച്ചും ഉവൈസി ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന ഉത്തര്‍പ്രദേശിലും ഇത് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലഖ്‌നോവിലേക്കുള്ള ഉവൈസിയുടെ റാലിക്കിടെ പാകിസ്താന് സിന്ദാബാദ് വിളികളുണ്ടായി. പാകിസ്താനെ ഉപയോഗിക്കാതെ ബി.ജെ.പിക്ക് വളരാനാകില്ലെ പശ്ചിമ ബംഗാളിലും ബിഹാറിലും ഉവൈസി ബി.ജെ.പിക്ക് വേണ്ടി കളിച്ചു. മമതയോട് അതേറ്റില്ല. മത, ജാതി, വര്‍ഗ ഭിന്നത ഉണ്ടാക്കുന്നതില്‍ ഉവൈസി ജയിച്ചത് കൊണ്ടാണ് ബിഹാറില്‍ തേജസ്വി യാദവ് തോറ്റത്-‘സാമ്‌ന’ എഴുതി.
മുസ്‌ലിംകള്‍ രാജ്യത്തെ പൗരന്മാരാണെന്നും ഭരണഘടനയെ പിന്തുടരണമെന്നും പറയാന്‍ ഉവൈസി ചങ്കൂറ്റം കാട്ടുന്ന നിമിഷം ദേശീയ നേതാവായി വാഴ്ത്തപ്പെടുമെന്നും ഇല്ലെങ്കില്‍ ബി.ജെ.പിയെ പോലുള്ള ദേശീയ പാര്‍ട്ടികളുടെ ‘അടിവസ്ത്ര’മായി തുടരേണ്ടിവരുമെന്നും ‘സാമ്‌ന’ കുറിച്ചു.
