

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു 79 വയസ്സായിരുന്നു. എറണാകുളത്തെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എഴുന്നൂറിലധികം സിനിമകളില്‍ വേഷമിട്ട കവിയൂര്‍ പൊന്നമ്മ നാലുതവണ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് അവസാനം റിലീസായ സിനിമ.

അമ്മ വേഷത്തില്‍ തിളങ്ങിയ കവിയൂര്‍ പൊന്നമ്മ 20-ാം വയസ്സില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ടാണ് അത്ഭുതപ്പെടുത്തിയത്. പതിനാലാം വയസ്സില്‍ നാടകത്തിലെത്തിയ പൊന്നമ്മ കുടുംബിനി എന്ന സിനിമയില്‍ രണ്ടുകുട്ടികളുടെ അമ്മയായി വേഷമിട്ടാണ് സിനിമയില്‍ അരങ്ങേറിയത്.
നിര്‍മാതാവായ മണിസ്വാമിയാണ് ഭര്‍ത്താവ്. മകള്‍ ബിന്ദു യു എസിലാണ്.
കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം ശനിയാഴ്ച രാവിലെ 9 മുതല്‍ 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍. വൈകിട്ട് നാലു മണിക്ക് സംസ്‌കാരം ആലുവ കരുമാലൂര്‍ ശ്രീപദം വീട്ടുവളപ്പില്‍.

