വനിതാ ചലച്ചിത്ര മേള ശനിയാഴ്ച മുതല്‍; നടി ഉര്‍വശി ഉദ്ഘാടനം ചെയ്യും

Web Desk
2 Min Read

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ 13 വരെ കൊച്ചിയില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് ആറിന് സവിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നടി ഉര്‍വശി നിര്‍വഹിക്കും.

city exchange

ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. ടി. ജെ വിനോദ് എം. എല്‍. എ ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ഡെപ്യുട്ടി മേയര്‍ കെ. എ ആന്‍സിയ ഏറ്റുവാങ്ങും. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് അതിഥി കൃഷ്ണദാസിന് നല്‍കി ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ നിര്‍വഹിക്കും.

2022ലെ മികച്ച സ്വഭാവനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ദേവി വര്‍മ്മയെ ഉര്‍വശി ആദരിക്കും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സമം പദ്ധതി പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ സൂസന്‍ ജോര്‍ജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ നടി കുക്കു പരമേശ്വരന്‍, സംവിധായകന്‍ സോഹന്‍ സീനുലാല്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രം ‘ദ ഗ്രീന്‍ ബോര്‍ഡര്‍’ പ്രദര്‍ശിപ്പിക്കും.

സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 28-ാമത് ഐ. എഫ്. എഫ്. കെയില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

- Advertisement -
Ad image

ലോകസിനിമാ വിഭാഗത്തില്‍ 26 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഐ. എഫ്. എഫ്. കെയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയുവിന്റെ ‘റഫീക്കി’, ഹോമേജ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച സുമിത്ര പെരിസിന്റെ ദ ട്രീ ഗോഡസ്, കഴിഞ്ഞ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ പുരസ്‌കാരങ്ങള്‍ നേടിയ മൂന്ന് ചിത്രങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിലെ സിനിമകള്‍ കാണുന്നതിന് ജി. എസ്. ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 472 രൂപയും വിദ്യാര്‍ഥികള്‍ക്ക് 236 രൂപയുമാണ് ഡെലിഗേറ്റ് ഫീ.

മേളയുടെ ഭാഗമായി ഫെബ്രുവരി 11, 12, 13 തി്യ്യതികളില്‍ സവിത തിയേറ്റര്‍ പരിസരത്ത് ഓപ്പണ്‍ ഫോറം, സംഗീതപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.

ഫെബ്രുവരി 11ന് ഭദ്ര റജിന്‍ മ്യൂസിക് ബാന്‍ഡ്
ഫെബ്രുവരി 12ന് ഇന്ദുലേഖ വാര്യര്‍ ഡിജെ
ഫെബ്രുവരി 13ന് വാട്ടര്‍ ഡ്രംസ് ഡിജെ ഭദ്ര കാന്താരീസ് എന്നീ സംഗീതപരിപാടികളാണ് സംഘടിപ്പിക്കുക.

വനിത ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. സവിത തിയേറ്റര്‍ പരിസരത്ത് ചലച്ചിത്ര സംവിധായികയും കോസ്റ്റ്യൂം ഡിസൈനറും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സ്റ്റെഫി സേവ്യര്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ആദ്യ പാസ് നടന്‍ ജയസൂര്യക്ക് നല്‍കി നടിയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ജോളി ചിറയത്ത് നിര്‍വഹിച്ചു.

സവിത തിയേറ്റര്‍ പരിസരത്ത് വൈകിട്ട് നടന്ന ചടങ്ങില്‍ നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്ന ബെന്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!