

തിരുവനന്തപുരം: ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന കൃതിക്ക് വയലാര്‍ പുരസ്‌കാരം. കെ ആര്‍ മീര, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. സി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് 45-ാമത് വയലാര്‍ പുരസ്‌കാര ജേതാവിനെ കണ്ടെത്തിയത്. ഒരു ലക്ഷം രൂപയും വെങ്കല ശില്‍പ്പവുമാണ് ജേതാവിന് ലഭിക്കുക.

അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം സാഹിത്യത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കേണ്ടതിനെ കുറിച്ച് തന്നെ ബോധവാനാക്കുന്നുവെന്നും ബെന്യാമിന്‍ പറഞ്ഞു. ഇന്നോളം എഴുതിയിട്ടുള്ള നോവലുകള്‍ ഏറ്റവും ആത്മാംശമുള്ള നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച വായനാനുഭവം പകര്‍ന്ന് നല്‍കുന്ന പുസ്തകം രാഷ്ട്രീയവും ജീവിതവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതായി സമിതി വിലയിരുത്തി. ബെന്യാമിന് മാത്രം എഴുതാന്‍ കഴിയുന്ന പുസ്തകമാണ് ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന് കെ ആര്‍ മീര പറഞ്ഞു. വേറിട്ട കഥാപശ്ചാത്തലത്തലവും കഥാപാത്രങ്ങളും നോവലിനെ വ്യത്യസ്തമാക്കുന്നതായി ഡോ. സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മാന്തളിര്‍ എന്ന സാങ്കല്പിക ഗ്രാമവും അവിടുത്തെ മതവും രാഷ്ട്രീയവും അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെയും ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്നതാണ് പുസ്തകം.
ഈ മാസം 27ന് തിരുവനന്തപുരത്ത് പുരസ്‌കാരം വിതരണം ചെയ്യും. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമാണ് ഒക്ടോബര്‍ 27. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടത്തുമെന്നും ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു.
അവാര്‍ഡ് നല്‍കുന്ന വര്‍ഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബര്‍ 31ന് അവസാനിക്കുന്ന തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ കവിതയോ വിമര്‍ശനമോ തുടങ്ങിയ ഏതു ശാഖയില്‍പ്പെട്ട കൃതികളും അര്‍ഹമാണ്.
ഈ വര്‍ഷം 550 പേരോട് പ്രസക്ത കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല മൂന്ന് കൃതികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അപേക്ഷിച്ചിരുന്നു. 169 പേരില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു.
മൊത്തം 197 കൃതികളുടെ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച അഞ്ച് കൃതികള്‍ തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു. ഇവരുടെ പരിശോധനയില്‍ കൃതികള്‍ക്കു ലഭിച്ച മുന്‍ഗണനക്രമം ഒന്നാം റാങ്കിന് 11 പോയിന്റ്, രണ്ടാം റാങ്കിന് ഏഴ് പോയിന്റ്, മൂന്നാം റാങ്കിന് മൂന്ന് പോയിന്റ് എന്ന ക്രമത്തില്‍വിലയിരുത്തി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ലഭിച്ച മൂന്ന് കൃതികള്‍ ജഡ്ജിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ആ മൂന്ന് കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.

