

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി വായനാദിനാചരണം നടത്തി. ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ആദ്യകാല ലൈബ്രറി അംഗങ്ങളെ ആദരിക്കുകയും വീടുകളിലേക്ക് പുസ്തകം നല്‍കുന്ന ലൈബ്രറിയുടെ പദ്ധതിയായ
അക്ഷരദീപത്തിന്റെ വോളണ്ടിയേഴ്‌സിന് ഐഡന്റിറ്റി കാര്‍ഡ് വിതരണം നടത്തുകയും അന്‍വര്‍ സാദത്ത് എം എല്‍ എ ലൈബ്രറിക്ക് നല്‍കിയ പതിനയ്യായിരം രൂപയുടെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിതരണം നടത്തുകയും ചെയ്തു.

തായിക്കാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍ പഞ്ചായത്ത് ലൈബ്രറി നടത്തിയ വായനാദിനാചരണം ഉദ്ഘാടനം ചെയ്തു. എം എല്‍ എ ലൈബ്രറിയുടെ അക്ഷരദീപം പദ്ധതിയിലേക്ക് നല്‍കിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ എസ് പി ഡബ്ല്യു ഹൈസ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ലീന ഒ ബി വിതരണം ചെയ്തു.

സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ അക്ഷരദീപം വൊളണ്ടിയോഴ്‌സിനുളള ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, സബിത സുബൈര്‍, ലൈബ്രറിയന്‍ സുനില്‍ കുമാര്‍, കെ കെ രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
1989ല്‍ തുടങ്ങിയ പഞ്ചായത്ത് ലൈബ്രറിയിലെ ആദ്യ കാല അംഗങ്ങളായ അഡ്വ. അലിയാര്‍, കുഞ്ഞുമുഹമ്മദ് കാരോത്തുകുഴി, കെ എച്ച് അലി, ബഷീര്‍ കാഞ്ഞിരത്തിങ്കല്‍, അബ്ദുല്‍ മജീദ് എന്നിവരെയാണ് ആദരിച്ചത്.

