
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വാര്‍ഷിക യുവജനോത്സവമായ ‘തരംഗ് 2026’-ന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് സ്‌കൂളിന്റെ ഈസ ടൗണ്‍ കാമ്പസില്‍ തുടക്കമായി. മേള സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി. സെക്രട്ടറിയും (അക്കാദമിക്‌സ്) അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് ഐട ി വിഭാഗം അംഗം ബോണി ജോസഫ്, പ്രൊജക്ട്‌സ് ആന്‍ഡ് മെയിന്റനന്‍സ് അംഗം മിഥുന്‍ മോഹന്‍, പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി, അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ രാജേഷ് നായര്‍, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. നേഹ സാറ ഡിജു, തന്‍സിയ എല്‍സ സോന്‍സി എന്നിവര്‍ അവതാരകരായിരുന്നു.

നാടോടി നൃത്തം, സംഘഗാനം, പ്രസംഗം, മൈം തുടങ്ങിയ മത്സരങ്ങള്‍ ആദ്യ ദിനത്തില്‍ നടന്നു. 120 സ്റ്റേജ് ഇനങ്ങളിലായി 4,000-ത്തിലധികം വിദ്യാര്‍ഥികളും സ്റ്റേജ് ഇതര മത്സരങ്ങളിലായി 7,000 വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ‘തരംഗ്’ ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സ്‌കൂള്‍ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനും ആത്മവിശ്വാസം വളര്‍ത്താനും പങ്കാളിത്തത്തിന്റെ സന്തോഷം ആഘോഷിക്കാനും ഈ മേള മികച്ച അവസരമൊരുക്കുന്നു. സ്റ്റേജ് മത്സരങ്ങള്‍ ഒക്ടോബര്‍ 13 വരെ തുടരും. സമാപന ചടങ്ങ് പിന്നീട് നടക്കും.
മികച്ച വ്യക്തിഗത- ടീം പ്രകടനങ്ങളെ ആദരിച്ചുകൊണ്ട്, ‘കലാശ്രീ’, ‘കലാരത്‌ന’ പുരസ്‌കാരങ്ങളും ‘ഹൗസ് സ്റ്റാര്‍’, ‘ഗ്രൂപ്പ് ചാമ്പ്യന്‍’, ‘ഹൗസ് ചാമ്പ്യന്‍’ പുരസ്‌കാരങ്ങളും സമാപന ചടങ്ങില്‍ സമ്മാനിക്കും.
കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന സ്റ്റേജ് ഇതര മത്സരങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക റൗണ്ടുകളിലും വിദ്യാര്‍ഥികള്‍ പങ്കെടുത്തതോടെ തന്നെ മേളയുടെ ആവേശം ആരംഭിച്ചിരുന്നു. ഉപന്യാസ രചന മത്സരത്തില്‍ ഇസ ടൗണ്‍ കാമ്പസിലെ എല്ലാ വിദ്യാര്‍ഥികളും പങ്കെടുത്തു. ആര്യഭട്ട, വിക്രം സാരാഭായ്, ജെ സി ബോസ്, സി വി രാമന്‍ എന്നീ ‘ഹൗസുകളെ’ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരാവേശം വളര്‍ത്താന്‍ സ്‌കൂളിന്റെ ‘ഹൗസ് സിസ്റ്റം’ സഹായിക്കുന്നു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ‘കലാശ്രീ’, ‘കലാരത്‌ന’ പുരസ്‌കാരങ്ങള്‍ ലഭിക്കും. കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഫലങ്ങള്‍ വേഗത്തില്‍ പ്രഖ്യാപിക്കുന്നതിനുള്ള പ്രത്യേക സോഫ്റ്റ്വെയര്‍ സ്‌കൂള്‍ വികസിപ്പിച്ചിട്ടുണ്ട്.
വിജയികളാകുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് ആയിരത്തോളം ട്രോഫികളാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ആരോഗ്യകരമായ മത്സരം ഏറ്റെടുക്കാനും സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പര്യവേക്ഷണം ചെയ്യാനും ‘തരംഗ്’ഒരു മികച്ച വേദി ഒരുക്കുന്നുവെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് പറഞ്ഞു.
ആത്മവിശ്വാസം വളര്‍ത്തുന്നതിലും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ക്ലാസ് മുറികള്‍ക്ക് അപ്പുറം മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നതിലും ഈ കലോത്സവം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പൊതു സാംസ്‌കാരിക വേദിയില്‍ ഒന്നിപ്പിച്ചുകൊണ്ട് സൗഹാര്‍ദ്ദവും പരസ്പര ബഹുമാനവും വളര്‍ത്താന്‍ ‘തരംഗ്’ സഹായിക്കുന്നുവെന്ന് സ്‌കൂള്‍ സെക്രട്ടറി വി രാജപാാണ്ഡ്യന്‍ പറഞ്ഞു. മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ കാണിച്ച ആവേശകരമായ പങ്കാളിത്തത്തെ പ്രിന്‍സിപ്പല്‍ ശാന്ത കുമാര്‍ ദസരി അഭിനന്ദിച്ചു.

