

കൊച്ചി: വയര്‍ലെസ് ആര്‍ത്രോസ്‌കോപ്പി വിജയകരമായി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍. 58 വയസ്സുള്ള സ്ത്രീയിലാണ് വയര്‍ലെസ് അത്രോസ്‌കോപ്പിയിലൂടെ സന്ധിയിലെ മെനിസ്‌കസ് റൂട്ട് റിപ്പയര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

ഉള്ളിലേക്ക് കടത്തിവിടുന്ന ഒരു ചെറിയ ക്യാമറയിലൂടെ സന്ധികളിലെ രോഗാവസ്ഥകള്‍ നിര്‍ണയിക്കാനും ചികിത്സിക്കാനും കഴിയുന്ന ഒരു മിനിമലി ഇന്‍വേസീവ് ചികിത്സാരീതിയാണ് ആര്‍ത്രോസ്‌കോപ്പി. പരമ്പരാഗത ആര്‍ത്രോസ്‌കോപ്പിയില്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ കേബിളുകളിലൂടെയാണ് ലഭിക്കുന്നത്. അതേസമയം വയര്‍ലെസ് ആര്‍ത്രോസ്‌കോപ്പി കേബിളുകള്‍ ഇല്ലാതെ ദൃശ്യങ്ങള്‍ കൈമാറുന്നു. കൂടുതല്‍ സ്റ്റെബിലിറ്റി, സ്റ്റെറിലൈസേഷന്‍ സമയം കുറവ് എന്നതും ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. ഒപ്പം കൃത്യത, കാര്യക്ഷമത, രോഗികളുടെ സുരക്ഷ എന്നിവ വര്‍ധിപ്പിക്കുന്നു.

വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റ് ഡോ. ജോര്‍ജ് ജേക്കബാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ‘വയര്‍ലെസ് ആര്‍ത്രോസ്‌കോപ്പി ഓര്‍ത്തോപീഡിക്‌സ് മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ്. ഇത് ശസ്ത്രക്രിയയുടെ കൃത്യത വര്‍ധിപ്പിക്കുന്നു. ശസ്ത്രക്രിയ സമയത്ത് ഉണ്ടാകാവുന്ന അപകടസാധ്യതകളും അണുബാധയും കുറയ്ക്കുന്നു’- ഡോ. ജോര്‍ജ് ജേക്കബ് പറഞ്ഞു.
‘പരമ്പരാഗത ആര്‍ത്രോസ്‌കോപ്പിയില്‍ ക്യാമറയെ മോണിറ്ററുമായി ബന്ധിപ്പിക്കുന്നത് ഒന്നിലധികം കേബിളുകള്‍ ഉപയോഗിച്ചാണ്. ഇത് ക്യാമറയുടെ ചലനം പരിമിതപ്പെടുത്തുന്നു. വിപുലമായ കേബിള്‍ മാനേജ്‌മെന്റ് ഇതില്‍ ആവശ്യമാണ്. വയര്‍ലെസ് ആര്‍ത്രോസ്‌കോപ്പി ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നു. ശസ്ത്രക്രിയാ വിദഗ്ധര്‍ക്ക് ആവശ്യാനുസരണം ക്യാമറ ചലിപ്പിക്കാന്‍ കഴിയും. അത് കാരണം കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുന്നു. സ്റ്റെറിലൈസേഷന്‍ സമയം കുറയ്ക്കുന്നതാണ് മറ്റൊരു പ്രധാന നേട്ടം. വയര്‍ഡ് ആര്‍ത്രോസ്‌കോപ്പിയില്‍, കേബിളുകള്‍ക്കും കണക്ടറുകള്‍ക്കും ദീര്‍ഘനേരത്തെ അണുവിമുക്തമാക്കല്‍ ആവശ്യമാണ്, അതുകൊണ്ട് തന്നെ തയ്യാറെടുക്കുന്ന സമയം കൂടുതലാണ്. കൂടാതെ, വയര്‍ലെസ് സാങ്കേതികവിദ്യ അണുബാധ സാധ്യത കുറയ്ക്കുന്നു. ഇത് രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക ഘടകമാണ്., അദ്ദേഹം പറഞ്ഞു.
‘കേബിളുകള്‍ ഒഴിവാകുന്നത് ശസ്ത്രക്രിയ കൂടുതല്‍ എളുപ്പമാക്കും. ശസ്ത്രക്രിയയ്ക്കിടയില്‍ ആകസ്മികമായ വിച്ഛേദമോ തടസ്സങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. വയര്‍ലെസ് സിസ്റ്റത്തിന്റെ ഹൈ-ഡെഫനിഷന്‍ തത്സമയ ദൃശ്യങ്ങള്‍ ശസ്ത്രക്രിയയുടെ കൃത്യത കൂടുതല്‍ മെച്ചപ്പെടുത്തുന്നു എന്നതും പ്രധാന പ്രത്യേകതയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വയര്‍ലെസ് ആര്‍ത്രോസ്‌കോപ്പി വിജയകരമായത് മെഡിക്കല്‍ സാങ്കേതികവിദ്യയിലെ തന്നെ ഒരു പ്രധാന ചുവടുവയ്പ്പാണ്. ഞങ്ങളുടെ രോഗികള്‍ക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കാന്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണ്. വയര്‍ലെസ് ആര്‍ത്രോസ്‌കോപ്പിക്ക് പുറമേ, നട്ടെല്ലിന്റെ 3ഡി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒ-ആം മെഷീന്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ആശുപത്രിയാണ് ഞങ്ങള്‍’. വിപിഎസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.

