

ആലുവ: ആലുവ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ആലുവ, പെരുമ്പാവൂര്‍, കരിയാട് എയര്‍പോര്‍ട്ട്, മെയ്ക്കാട്, പൊയ്ക്കാട്ടുശ്ശേരി എന്നീ റോഡുകള്‍ ബി എം ബി സി നിലവാരത്തില്‍ പുനരുദ്ധരിക്കുന്നതിന് ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ട് മാസങ്ങളായി. ആലുവ പെരുമ്പാവൂര്‍ റോഡിന് 5 കോടി 12 .5 ലക്ഷം, കരിയാട് എയര്‍പോര്‍ട്ട് റോഡിന് 2 കോടി 69 ലക്ഷം, മെയ്ക്കാട് പൊയ്ക്കാട്ടുശ്ശേരി റോഡിന് 3 കോടി എന്നിങ്ങനെയാണ് പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടുള്ളത്.

എന്നാല്‍ ഈ റോഡുകളിലൂടെ ജലജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പൈപ്പിടുന്നതിനായി ഈ റോഡുകള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിരുന്നു. ജലജീവന്‍ പദ്ധതിയിലെ പൈപ്പിടല്‍ പൂര്‍ത്തിയാക്കി റെസ്റ്റോറേഷന്‍ നടത്തി പി ഡബ്ല്യൂ ഡിക്ക് കൈ മാറിയാല്‍ മാത്രമേ റോഡിന്റെ പുനരുദ്ധാരണം നടത്തുവാന്‍ സാധിക്കുകയുള്ളു.

കഴിഞ്ഞ 2 സി എം ടി മീറ്റുങ്ങകളില്‍ ആദ്യം ജനുവരി 15നും പിന്നീട് ഫെബ്രുവരി 15നും പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡുകള്‍ പി ഡബ്ല്യൂ ഡിക്ക് കൈ മാറാമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 25ന് കൂടിയ സി എം ടി മീറ്റിങ്ങില്‍ പൈപ്പിടല്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.
ജലജീവന്‍ പദ്ധതിക്കായി റോഡുകള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി മാസങ്ങളായിട്ടും പൈപ്പിടല്‍ പൂര്‍ത്തിയാക്കല്‍ അനന്തമായി നീളുന്നതിലും അതുമൂലം പി ഡബ്ല്യു ഡിക്ക് പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണം നടത്തുവാന്‍ സാധിക്കാത്തതിലുമുള്ള പ്രതിഷേധം അന്‍വര്‍ സാദത്ത് എം എല്‍ എ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ യോഗത്തില്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ശരിയായ പ്ലാനിങ്ങും എക്സിക്യൂഷനും നടത്താത്തത് കൊണ്ടാണ് പദ്ധതി അനന്തമായി നീളുന്നതെന്നും ഇങ്ങനെയുള്ള അനാസ്ഥ യാതൊരു വിധത്തിലും അനുവദിക്കുവാന്‍ സാധിക്കുകയില്ലെന്നും എം എല്‍ എ ഉദ്യോഗസ്ഥരെ യോഗത്തില്‍ അറിയിച്ചു. പൈപ്പിടല്‍ സമയബന്ധിതമായി തീര്‍ക്കണമെന്ന് എം എല്‍ എ കടുത്ത നിലപാടെടുത്തപ്പോള്‍ 2024 മാര്‍ച്ച് 15ന് മുന്‍പായി പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡുകള്‍ പി ഡബ്ല്യൂ ഡിക്ക് കൈമാറാമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ജലജീവന്‍ പദ്ധതിയില്‍ ഉണ്ടായ അനിശ്ചിതത്തേക്കുറിച്ച് എം എല്‍ എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ഫോണില്‍ ബന്ധപ്പെട്ട് സംസാരിക്കുകയും പദ്ധതിയില്‍ വരുന്ന കാലതാമസത്തിലുള്ള തന്റെ ശക്തമായ പ്രതിഷേധം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
പി ഡബ്ല്യൂ ഡി സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ ജയാ പി ടി, വാട്ടര്‍ അതോറിറ്റി പെരുമ്പാവൂര്‍ പ്രൊജക്ട് ഡിവിഷന്‍ എക്സി. എഞ്ചിനീയര്‍ സിന്ധു സി നായര്‍, ആലുവ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സീന എസ് എസ്, കൂടാതെ മറ്റു ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

