
ആലുവ: അങ്കമാലി- കാലടി പ്രദേശങ്ങളിലെ കൃഷി ജലസേചനത്തിന് വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി. എല്ലാ വര്‍ഷവും അറ്റകുറ്റപ്പണികള്‍ നടത്തി ഒക്ടോബര്‍, നവംബര്‍ മാസങ്ങളോടുകൂടി ജലവിതരണം സുഗമമാക്കുന്ന നടപടി ഇറിഗേഷന്‍ അധികൃതര്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം നിരവധിയായ നിവേദനങ്ങള്‍ നല്‍കിയിട്ടും ഇടപെടലുകള്‍ നടത്തിയിട്ടും ജലസേചനം ആരംഭിക്കുന്നതിനുള്ള യാതൊരു നടപടികളും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗത്തുനിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വളരെ തുച്ഛമായ തുക മാത്രം ആവശ്യമായി വരുന്ന കനാല്‍ നവീകരണം നടത്തി. ജലസേചനത്തിന് ഉപയോഗിക്കത്തക്ക രീതിയില്‍ തയ്യാറാക്കുന്നതിന് വേണ്ട തുക പോലും അനുവദിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ജലസേചനം ആരംഭിക്കാത്തതുമൂലവും ഈ കനാലിലൂടെയുള്ള നീരൊഴുക്ക് നടക്കാത്തതുമൂലവും വളരെയധികം ബുദ്ധിമുട്ടുകളാണ്. ഇതിന്റെ സമീപപ്രദേശങ്ങളിലുള്ള കര്‍ഷകരും ഭൂവുടമകളും അനുഭവിക്കുന്നത്. വീടുകളില്‍ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. കാര്‍ഷിക വിളകളുടെ പരിപാലനത്തിന് ജലസേചനം അനിവാര്യമായതിനാല്‍ ഈ കനാലിലൂടെ വെള്ളം ഇല്ലാത്ത സാഹചര്യത്തില്‍ കനാലിന്റെ പരിസര പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ കൃഷി മുടങ്ങുകയും വന്‍നാശനഷ്ടം ഉണ്ടായിരിക്കുകയും ചെയ്ത സാഹചര്യം സംജാതമായിരിക്കുകയാണ്.

അതുകൊണ്ട് സര്‍ക്കാരിന്റെ പിടിവാശി വെടിഞ്ഞ് കനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഏറ്റവും അടിയന്തരമായി ഇറിഗേഷന്‍ കനാലിലൂടെ ജലസേചനത്തിനുള്ള വെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ബെന്നി ബഹനാന് എം പി ഇറിഗേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

