വെതര്‍ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കുന്നുംപുറം: സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ ജില്ലയിലെ 13 സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള അനുമതിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി സ്‌കൂളിലും വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു.

city exchange

സ്‌കൂള്‍തല ഉദ്ഘാടനം കൊച്ചിന്‍ കോപ്പറേഷന്‍ കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ജ്യോഗ്രഫി മുഖ്യവിഷയമായുള്ള ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും അവസരമുണ്ടാക്കുന്ന പദ്ധതിയാണിത്. മഴയുടെ തോത് അളക്കാന്‍ ഉപയോഗിക്കുന്ന മഴ മാപിനി, കാറ്റിന്റെ തീവ്രത അളക്കുന്നതിനു കപ്പ് അനിമോമീറ്റര്‍, കാറ്റിന്റെ ദിശ മനസ്സിലാക്കാന്‍ വിന്റ് വെയിന്‍, അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കാന്‍ വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോ മീറ്റര്‍, നിരീക്ഷണ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവന്‍ സണ്‍ സ്‌ക്രീന്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മെട്രോളജി വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് വെതര്‍ സ്റ്റേഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്.

- Advertisement -
Ad image

പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിലും കാര്‍ഷിക- വ്യവസായ മേഖലയിലെ പ്രവര്‍ത്തനങ്ങളിലും ഉതവുന്നതാണിതെന്നും ജ്യോഗ്രഫി വിഷയത്തോടുള്ള അഭിരുചിയും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുവാനും വെതര്‍ സ്റ്റേഷന്‍ ഏറെ സഹായിക്കുമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അംബിക സുദര്‍ശന്‍ പറഞ്ഞു.

ചടങ്ങില്‍ പി ടി എ പ്രസിഡന്റ് മുഹമ്മദ് പി എ അധ്യക്ഷത വഹിച്ചു. വി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ റോഷ്നി എ ആര്‍, എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ലാലി സി എല്‍, ഹെഡ് മിസട്രസ് ബിന്ദു കെ, ഡില്ല ഡേവിസ്, സുധീര്‍ കെ ഖാലിദ്, സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി, കോഡിനേറ്റര്‍ ജി എ രാധിക തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!