
കൊച്ചി: വനിതാ സംരംഭകരുടെ ശാക്തീകരണത്തിനും പരസ്പര സഹകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന വിമണ്‍ എന്റര്‍പ്രണേഴ്‌സ് നെറ്റ്വര്‍ക്ക് (വെന്‍) ഫൗണ്ടേഷന്‍ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമിട്ടു. ഓണാഘോഷങ്ങളുടെ തനിമയും സംരംഭകത്വത്തിന്റെ ആവേശവും സമന്വയിപ്പിച്ച ‘വെന്‍ എക്സ് ദശപുലരി’ എന്ന പരിപാടിയിലൂടെയാണ് ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായത്.

2016-ല്‍ സ്ഥാപിതമായ വെന്‍, വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന സഹകരണ വേദിയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നെറ്റ്വര്‍ക്കിങ്, പഠനാവസരങ്ങള്‍, നേതൃത്വപരിശീലനം എന്നിവയിലൂടെ വനിതാ സംരംഭകര്‍ക്ക് സുസ്ഥിര ബിസിനസുകള്‍ വളര്‍ത്തിയെടുക്കാന്‍ പിന്തുണ നല്‍കുന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.


കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ ഏറ്റവും സജീവമായ വനിതാ സംരംഭക കൂട്ടായ്മകളിലൊന്നായി വെന്‍ വളര്‍ന്നു. കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ചാപ്റ്ററുകളിലൂടെ ആയിരത്തിലധികം അംഗങ്ങളെ സംഘടനയ്ക്ക് സ്വന്തമാക്കാനായിട്ടുണ്ട്. പുതിയ മേഖലകളിലേക്കും സംഘടന പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വെന്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ‘വെന്‍ എക്സ്’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് 10-ാം വാര്‍ഷിക ലോഗോയും പത്ത് വര്‍ഷത്തെ സംരംഭക മികവിന്റെ പ്രതീകമായ സ്മാരക ‘വെന്‍ എക്സ് ബ്രോച്ചും’ അനാച്ഛാദനം ചെയ്തു.
മന്ത്രയുടെ സ്ഥാപകയും സി ഇ ഒയുമായ ശാലിനി ജെയിംസും ബ്രാന്‍ഡിങ് കണ്‍സള്‍ട്ടന്റായ മേരി ജോര്‍ജും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. വെന്‍ സ്ഥാപക പ്രസിഡന്റ് ഷീല കൊച്ചൗസേഫ്, സ്ഥാപക സെക്രട്ടറി പുഷ്പി മുരിക്കന്‍ എന്നിവര്‍ സംഘടനയുടെ ലക്ഷ്യങ്ങളും വനിതാ സംരംഭകര്‍ക്ക് മെന്ററിങ്, ബിസിനസ് നെറ്റ്വര്‍ക്കിങ് എന്നിവയിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയും പങ്കുവച്ചു.
തിരുവാതിര, കേരള ഫ്യൂഷന്‍ നൃത്തം, പരമ്പരാഗത ഓണാഘോഷ പരിപാടികള്‍ എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി. സംരംഭകത്വം, സംസ്‌കാരം, സാമൂഹ്യബന്ധം എന്നിവയുടെ മനോഹരമായ സംഗമമായി പരിപാടി മാറി.
കൊച്ചിയില്‍ ആരംഭിച്ച വെന്‍ എക്സ് ആഘോഷങ്ങള്‍ വരും മാസങ്ങളില്‍ സംഘടനയുടെ എല്ലാ ചാപ്റ്ററുകളിലുമായി സംഘടിപ്പിക്കും. 2027 മാര്‍ച്ചിന് മുമ്പ് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയോടെ പത്ത് വര്‍ഷത്തെ വനിതാ ശാക്തീകരണ യാത്ര ആഘോഷിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യും.

