

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രശ്നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുമായി വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.
ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അധ്യക്ഷ.

മാസത്തില്‍ ഒരു തവണ കൃത്യമായി യോഗം ചേര്‍ന്ന് പ്രദേശത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ വിലയിരുത്തണം. താഴെത്തട്ടില്‍ നിന്നുള്ള ഇടപെടലുകള്‍ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സഹായകരമാവും. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു. എല്ലാ മാസവും കൃത്യമായി മോണിറ്ററിംഗ് നടത്തിവേണം ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

രണ്ടുദിവസമായി നടന്ന അദാലത്തില്‍ 162 കേസുകളാണ് പരിഗണനക്കായി വന്നത്. ഇതില്‍ 28 കേസുകളില്‍ തീര്‍പ്പ് കല്‍പിച്ചു. 71 കേസുകളാണ് രണ്ടു കക്ഷികളുടെയും അഭാവത്തില്‍ മാറ്റി വച്ചത്. 45 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. 18 കേസുകള്‍ പോലീസ് അന്വേഷണത്തിനായി വിട്ടു.
വനിതാ കമ്മീഷന്‍ അംഗങ്ങളായ എം എസ് താര, അഡ്വ. പാനല്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

