
ദോഹ: സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ആദരിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് അംഗങ്ങളുടെ മക്കള്‍ക്കായി സംഘടിപ്പിച്ച അക്കാദമിക്ക് എക്‌സലന്‍സ് അനുമോദന ചടങ്ങില്‍ 14 വിദ്യാര്‍ഥികള്‍ ആദരം ഏറ്റുവാങ്ങി. ഖത്തര്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ മുഖ്യാതിഥിയായിരുന്നു.

ഗലീലിയൊ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയലക്ഷമി നായര്‍, എം ഇ എസ് അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് സമ്ര മെഹബൂബ് എന്നിവരും ചടങ്ങിനെ അഭിസംബോധന ചെയ്തു.
വിദ്യാര്‍ഥികളെയും അധ്യാപകരെയും മാതാപിതാക്കളേയും അഭിനന്ദിച്ച മുഖ്യാതിഥി ഈ അധ്യയന വര്‍ഷം വിദ്യാര്‍ഥികളും അധ്യാപകരും നേരിട്ട വെല്ലുവിളികളെക്കുറിച്ചും പരാമര്‍ശിച്ചു.
33 ശതമാനം നേടിയാലും 100 ശതമാനം നേടിയാലും ഈ വര്‍ഷത്തെ വിജയം ആഘോഷിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞു. വിജയം മാര്‍ക്കില്‍ മാത്രം ആശ്രയിക്കുന്നതല്ലെന്നും എല്ലാ മേഖലകളിലും പരമാവധി ശ്രമം തുടരണമെന്നും വിദ്യാര്‍ഥികളെ പ്രധാന അധ്യാപികയായ ഹമീദ ഖാദര്‍ ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.
അല്‍മുഫ്ത്ത റെന്റ് എ കാര്‍ കമ്പനി ഹാളില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഹമീദ ഖാദറും ജയലക്ഷ്മി നായരും ചേര്‍ന്ന് വിതരണം ചെയ്തു.
രക്ഷിതാക്കളായ ഡോ. ഷെഫി റഷീദും ഷംസുദ്ദീന്‍ ഇസ്മായിലും ആശംസകള്‍ നേര്‍ന്നു. ലൈബ, ആഷിക എന്നിവര്‍ വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
ജനറല്‍ സെക്രട്ടറി റെന്‍ജിത്ത് ചാലില്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ കാജല്‍ മൂസ നന്ദിയും പറഞ്ഞു. എജ്യുക്കേഷന്‍ കണ്‍വീനര്‍ മിസ് കരിസ്മ ഹസ്സന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

