

ദോഹ: യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ‘സാഹിതി വായനകൂട്ട’ത്തിന്റെ ഉദ്ഘാടനം ഈണം 2022ല്‍ ഐ സി സി സി പ്രസിഡന്റ് പി എന്‍ ബാബുരാജ് നിര്‍വഹിച്ചു. ഖത്തറിലുള്ള ഗ്രന്ഥശാല വിപുലീകരിക്കാനും പൊതുവായി ഉപയോഗിക്കും വിധം പ്രവര്‍ത്തിപ്പിക്കാനും ഐ സി സി ശ്രമിച്ചെങ്കിലും പ്രാബല്യത്തിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യുവകലാസാഹിതി വായനകൂട്ടം സംഘടിപ്പിച്ച് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്നതില്‍ അദ്ദേഹം അഭിനന്ദനങ്ങളും പിന്തുണയും അറിയിച്ചു.

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ റഊഫ് കൊണ്ടോട്ടി വായനകൂട്ടം പ്രവര്‍ത്തനങ്ങളില്‍ പിന്തുണ അറിയിച്ചു കൈമാറിയ പുസ്തകങ്ങള്‍ വായനാകൂട്ടം ജോയിന്റ് കണ്‍വീനര്‍ ജീമോന്‍ ജേക്കബ് ഏറ്റുവാങ്ങി. യുവകലാസാഹിതി ഖത്തര്‍ പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ചു.


മൂന്ന് നോവല്‍ പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലൈബ അബ്ദുല്‍ ബാസിതിന് യുവകലാസാഹിതി ഖത്തര്‍ ആദരം അര്‍പ്പിച്ചു. ലൈബ എഴുതിയ പുസ്തകങ്ങള്‍ യുവകലാസാഹിതിക്ക് കൈമാറി.
യുവകലാസാഹിതി സെക്രട്ടറി രാഗേഷ്, ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത്, യുവകലാസാഹിതി സംഘടനാ സെക്രട്ടറി ഷാനവാസ് തവയില്‍, വായനകൂട്ടം കണ്‍വീനര്‍ സിറാജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ലാലു ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

