യുവകലാസാഹിതി മഹാനഷ്ടങ്ങളുടെ ജൂലൈ അനുസ്മരണം നടത്തി

Web Desk
1 Min Read

ദോഹ: യുവകലാസാഹിതി ഖത്തര്‍ ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘മഹാ നഷ്ടങ്ങളുടെ ജൂലൈ’ എന്ന പേരില്‍ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജൂലൈ 31ന് ഖത്തര്‍ ഐ സി സി ഹാളില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ പുരോഗമന രാഷ്ട്രീയത്തിനും സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജൂലൈ മാസത്തില്‍ അന്തരിച്ച സമരനായകരെ അനുസ്മരിച്ചു.

city exchange

പി കെ വി, എന്‍ ഇ ബാലറാം, പി പി മുകുന്ദന്‍, പി എസ് നമ്പൂതിരി, ടി എ മജീദ്, പി എസ് ശ്രീനിവാസന്‍, കെ ദാമോദരന്‍, കാമ്പിശ്ശേരി കരുണാകരന്‍, കെ എ കേരളീയം എന്നിവരുടെ രാഷ്ട്രീയ- സാമൂഹിക സംഭാവനകളാണ് പരിപാടിയില്‍ അനുസ്മരിക്കപ്പെട്ടത്.

ദോഹ യൂണിറ്റ് സെക്രട്ടറി ബിനു ഇസ്മായില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ദോഹ യൂണിറ്റ് പ്രസിഡന്റ് ഉണ്ണി താമരാല്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ അനുസ്മരണ പ്രഭാഷണം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച മുന്‍ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍, ജൂലൈ മാസത്തില്‍ വേര്‍പിരിഞ്ഞ മഹത്തായ നേതാക്കളുടെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രതിബദ്ധതയും പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. ജനകീയ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അവരുടെ സമരപാരമ്പര്യം സമൂഹത്തിന് എന്നും പ്രചോദനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

തുടര്‍ന്ന് ഷാനവാസ് തവയില്‍, സിറാജ് എം, ഷഹീര്‍ ഷാനു, ബഷീര്‍ പട്ടാമ്പി, അജിത്ത് കുമാര്‍, രഘുനാഥ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. അനുസ്മരിക്കപ്പെട്ട നേതാക്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, ജനപക്ഷ നിലപാടുകള്‍, സംഘടനാ മികവ്, സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങള്‍ എന്നിവ അവര്‍ അനുസ്മരണ പ്രസംഗങ്ങളില്‍ എടുത്തുപറഞ്ഞു. ഷാന്‍ പേഴുമൂട് നന്ദി പറഞ്ഞു.

സമരപാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അനുസ്മരണ സദസ് സമാപിച്ചത്. ഖത്തറിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകരും അംഗങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

Share This Article
Leave a Comment
error: Content is protected !!