
തിരുവനന്തപുരം: ലോഹങ്ങളിലെ തുരുമ്പ് കേവലം അവഗണിക്കപ്പെടേണ്ട ഒരു പ്രതിഭാസമല്ലെന്ന് വിദഗ്ധര്‍. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയെ നശിപ്പിക്കുക വഴി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനം വരെ തുരുമ്പ് പിന്നോട്ടടിപ്പിക്കുമെന്ന് വിദഗ്ധര്‍ അഭിപ്പായപ്പെടുന്നു.

ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ഈര്‍പ്പം നിറഞ്ഞ സാഹചര്യത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ലോക തുരുമ്പുദിനാചരണത്തിന്റെ ഭാഗമായി ഇന്റര്‍നാഷനല്‍ സിങ്ക് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്പായപ്പെട്ടു. തീരപ്രദേശത്തെ കാലാവസ്ഥ, വ്യാവസായിക മലിനീകരണം എന്നിവയെല്ലാം തുരുമ്പിന് സാധ്യതകള്‍ നല്‍കുന്നു. അതിനാല്‍ ഗതാഗതം, നിര്‍മാണം, ഊര്‍ജം തുടങ്ങിയ മേഖലയിലെല്ലാം കടുത്ത തുരുമ്പു ഭീഷണിയിലാണ് നിലകൊള്ളുന്നത്. ഇത് നിര്‍മാണത്തെയും സ്വത്തുക്കളെയുമെല്ലാം ബാധിക്കുന്നതിനാല്‍ അറ്റകുറ്റപ്പണിയും മാറ്റിവെക്കലുമെല്ലാം ചെലവ് വര്‍ധിപ്പിക്കുന്നു. ഇരുമ്പിന് സിങ്ക് അധിഷ്ഠിത സുരക്ഷ നല്‍കുന്നത് തുരുമ്പ് തടയാന്‍ സഹായിക്കുമെന്ന് അന്താരാഷ്ട്ര സിങ്ക് അസോസിയേഷന്‍ ഇന്ത്യ ഡയരക്ടര്‍ രാഹുല്‍ ശര്‍മ പറഞ്ഞു.

ഗാല്‍വനൈസേഷനും മറ്റു കോട്ടിങ്ങുകളും വഴി തുരുമ്പിനെ തടയാം. ദീര്‍ഘകാലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഇത് ഫലപ്രദമാണ്. ദൈര്‍ഘ്യത്തോടൊപ്പം മെയ്ന്റനന്‍സ് ചെലവ് കുറയ്ക്കാമെന്നതും സിങ്കിന്റെ പ്രത്യേകതയാണെന്ന് രാഹുല്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

