പയ്യന്നൂര്‍ സൗഹൃദവേദി ഖത്തര്‍ ഘടകം 16-ാം വാര്‍ഷികം

Web Desk
2 Min Read

ദോഹ: പയ്യന്നൂര്‍ സൗഹൃദ വേദി ഖത്തര്‍ ഘടകം സൗഹൃദ സന്ധ്യ 2023 എന്ന ബാനറില്‍ സംഘടിപ്പിച്ച 16-ാം വാര്‍ഷിക പരിപാടി നവ്യാനുഭവമായി. സിനിമാ പിന്നണി ഗായകന്‍ ഉണ്ണി മേനോന്റെ സാന്നിധ്യത്തില്‍ ഐ സി സി അശോക ഹാളിലായിരുന്നു പരിപാടി അരങ്ങേറിയത്.

city exchange

താലപൊലിയേന്തിയ കുരുന്നുകള്‍ക്കൊപ്പം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉണ്ണിമേനോനെ വേദിയിലേക്ക് ആനയിച്ചു. വിശിഷ്ടാതിഥികളെയും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളെയും പ്രവാസികളായ പയ്യന്നൂ ക്കാരെയും കുടുംബാംഗങ്ങളെയും സാക്ഷിനിര്‍ത്തി ഉണ്ണിമേനോന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പയ്യന്നൂര്‍ സൗഹൃദ വേദിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ദൃശ്യവത്ക്കരിച്ച് പി എസ് വി കള്‍ച്ചറല്‍ സെക്രട്ടറി ഷിജു ആര്‍ കാനായി എഴുതി ജയചന്ദ്രന്‍ കാവുംതാഴ സംഗീത സംവിധാനം നിര്‍വ്വഹിച്ച് കലേഷ് കരുണാകരന്‍ ആലപിച്ച പി എസ് വിയുടെ അവതരണ ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

പ്രസിഡന്റ് ഉല്ലാസ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പവിത്രന്‍ കോളിയാട്ട്, ഇന്ത്യന്‍ എംബസി അറ്റാഷെ (ഇന്‍ഫര്‍മേഷന്‍ കള്‍ച്ചറല്‍ ആന്‍ഡ് എജുക്കേഷന്‍) ബിന്ദു എന്‍ നായര്‍, ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി സെക്രട്ടറി നിഹാദ് അലി, വനിതാ വിഭാഗം പ്രതിനിധി ജ്യോതി രമേശന്‍, ട്രഷറര്‍ ലിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

പി എസ് വി ജനറല്‍ കണ്‍വീനര്‍ ശ്രീജീവ് ഉണ്ണിമേനോനെ പൊന്നാട അണിയിച്ചു. മൂന്നു മണിക്കൂര്‍ മലയാളത്തിലെയും തമിഴിലെയും നിരവധി ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ഉണ്ണിമേനോനും ദോഹയുടെ വാനമ്പാടികളായ ശിവപ്രിയ സുരേഷും മൈഥിലി ഷേണായിയും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന് ഗാനാസ്വാദകര്‍ക്ക് മറക്കാത്ത അനുഭവമായി.

ലക്ഷ്മി കൃഷ്ണ സുരേഷിന്റെ സെമി ക്ലാസിക്കല്‍ ഡാന്‍സ്, സ്വസ്തി ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍, ഡോ. സുസാഡിന സുസന്റെ സംവിധാനത്തില്‍ ഐമാക് അംഗങ്ങള്‍, ഡാന്‍സ് ഫാക്ടറി, കലാക്ഷേത്രയുടെയും ഡാന്‍സര്‍മാര്‍ ചുവടുവെപ്പുകളുമായി വേദിയില്‍ നിറഞ്ഞാടി.

ലഹരി എന്ന മഹാവിപത്തിന്റെ പിടിയില്‍ അകപ്പെടുന്നതിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി പി എസ് വി രക്ഷാധികാരി സതീശന്‍ കോളിയാട്ട് നിര്‍മ്മിച്ച് സെക്രട്ടറി ഷിജു ആര്‍ കാനായി എഴുതിയ ഗാനം വേദിയില്‍ അവതരിപ്പിച്ചത് പി എസ് വിയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായി.

Share This Article
Leave a Comment
error: Content is protected !!