

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന് പിന്നാലെ പൊതുമേഖല എണ്ണക്കമ്പനികള്‍ വ്യോമയാന ഇന്ധനത്തിന്റെ വില 2.2 ശതമാനം കുറച്ചു. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 3,084.94 രൂപയാണ് കുറച്ചത്. ഈ വര്‍ഷം രണ്ടാം തവണയാണ് വിലയില്‍ കുറവുവരുത്തുന്നത്.

എന്നാല്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില കുറച്ചിട്ടില്ല. ആഗോള വില അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്ന്, 16 തിയ്യതികളിലാണ് വ്യോമയാന ഇന്ധന വില പരിഷ്‌കരിക്കുന്നത്. 2022ന് ശേഷം 11 തവണയാണ് വില കൂട്ടിയത്. ജൂണില്‍ വിലയില്‍ 16 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇതോടെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തിരുന്നു.

ജൂണ്‍ 16ന് എ ടി എഫിന്റെ വില കിലോ ലിറ്ററിന് 19,757.13 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ആറുമാസത്തിനുള്ളില്‍ വില ഇരട്ടിയായി. യു എസ് ഉള്‍പ്പടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധി നേരിടുന്നതിനിടയിലാണ് അന്താരാഷ്ട്ര എണ്ണ വിപണിയില്‍ എണ്ണ വില കുറഞ്ഞത്. വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് മാറ്റിവെയ്ക്കുന്നത്.

