ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച; പൊതുജനങ്ങള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍

Web Desk
2 Min Read

ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി ഐ സി ഖത്തര്‍) ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഇരുപതാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ നൗഫല്‍ പാലേരി അറിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍, കുടുംബങ്ങള്‍ എന്നിവരുടെ ആരോഗ്യസുരക്ഷ ലക്ഷ്യമാക്കി ഖത്തര്‍ ആരോഗ്യമന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ പൂര്‍ണസഹകരണത്തോടെയും അംഗീകാരത്തോടെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഐന്‍ഖാലിദിലെ ഉംസനീന്‍ ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ 6.30ന് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് വൈകുന്നേരം 4 മണിയോടെ സമാപിക്കും.

city exchange

രാവിലെ 9 മണിക്ക് നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, എംബസി ഉദ്യോഗസ്ഥര്‍, ഖത്തര്‍ ആരോഗ്യമന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മൂവായിരത്തില്‍പരം രോഗികള്‍ക്ക് ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, അസ്ഥിരോഗം, ചര്‍മരോഗം, ഇ എന്‍ ടി, നേത്രരോഗം, ദന്തരോഗം, ഇന്റേണല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയും ചികിത്സയും ക്യാമ്പില്‍ ലഭ്യമാവും.

പൊതുജനങ്ങള്‍ക്ക് വേണ്ടി വിദഗ്ധര്‍ നയിക്കുന്ന ആരോഗ്യബോധവത്കരണ ക്ലാസുകള്‍ക്ക് പുറമെ രക്തദാനം, അവയവദാനത്തിനുള്ള രജിസ്ട്രേഷന്‍, കൗണ്‍സലിംഗ്, ഫിസിയോ തെറാപ്പി, ഓഡിയോളജി, നേത്രപരിശോധന, ഇ എന്‍ ടി തുടങ്ങിയ സേവനങ്ങളും ക്യാമ്പില്‍ ഒരൂക്കിയിട്ടുണ്ട്.

- Advertisement -
Ad image

ഉച്ചക്ക് ശേഷം ആരംഭിക്കുന്ന ആരോഗ്യബോധവത്കരണ ക്ലാസുകള്‍ക്ക് ചര്‍മം സംരക്ഷിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന വിഷയത്തില്‍ ചര്‍മരോഗ വിദഗ്ധന്‍ ഡോ. സോണി സി ദാസ്, കിഡ്നിരോഗ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് ഹമദ് ഹോസ്പിറ്റില്‍ നെഫ്രോളജി സ്‌പെഷ്യലിസ്റ്റ് ഡോ. കൃഷ്ണകുമാര്‍ കെ, ഗര്‍ഭാശയഗള അര്‍ബുദം എന്ന വിഷയത്തില്‍ ആസ്റ്റര്‍ മിംസ് ഗൈനകക്കോളജിസ്റ്റ് ഡോ. ഹേമ കെ പി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

2002ല്‍ തുടക്കം കുറിച്ച ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ജി സി സിയിലെ തന്നെ ഏറ്റവും വലുതും ജനപങ്കാളിത്തത്തിലും വൈദ്യസേവന രംഗത്തും ഇതിനകം പതിനായിരങ്ങള്‍ക്ക് അത്താണിയുമായി മാറിയിട്ടുണ്ട്. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 381 സ്ത്രീകളടക്കം 3408 പേര്‍ക്ക് ഇതിനകം ഡിജിറ്റല്‍ രജിസ്ട്രേഷന്‍ കാര്‍ഡുകള്‍ അയച്ചുകഴിഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായി നടക്കുന്ന പരിശോധനയുടെ നിശ്ചയിക്കപ്പെട്ട സമയവും രജിസ്ട്രേഷന്‍ നമ്പറും കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലിരോഗങ്ങള്‍, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, പുകയില ഉപയോഗത്തിന്റെ അപകടസാധ്യതകള്‍, തൊഴില്‍മേഖലയിലെ ആരോഗ്യവും സുരക്ഷയും, വ്യക്തിഗത ശുചിത്വം, പ്രാഥമിക ജീവന്‍രക്ഷാപരിശീലനവും പ്രഥമശുശ്രൂഷയും തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. രക്തദാനം, അവയവദാനത്തിനുള്ള രജിസ്ട്രേഷന്‍, കാഴ്ചപരിശോധന, ദന്തപരിശോധന, ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധനകള്‍ തുടങ്ങിയവും ക്യാമ്പില്‍ ലഭ്യമാവും.

ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ എന്നിവക്ക് പുറമെ യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യാ ഖത്തര്‍ (യൂനിഖ്), വെല്‍കെയര്‍ ഫാര്‍മസി, ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കും.

വൈകിട്ട് 4 വരെ തുടരുന്ന ക്യാമ്പില്‍ നൂറ്റിഅമ്പതില്‍ പരം വിഗദ്ധ ഡോക്ടര്‍മാര്‍, 250 മെഡിക്കല്‍ പ്രഫഷനല്‍സ് എന്നിവര്‍ക്ക് പുറമെ സി ഐ സി ഖത്തറിന്റെ അറുനൂറില്‍പരം വളണ്ടിയര്‍മാരും സേവനമനുഷ്ഠിക്കും.

Share This Article
Leave a Comment
error: Content is protected !!