ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഖത്തര്‍ ഗ്രൂപ്പ് എ യില്‍

Web Desk
2 Min Read

സ്യൂറിച്ച്: 2026 ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ഗ്രൂപ്പ് നറുക്കെടുപ്പില്‍ ആതിഥേയരായ ഖത്തര്‍ ഗ്രൂപ്പ് എയില്‍. ഈജിപ്ത്, പനാമ, ഗ്രീസ് ടീമുകളാണ് ഖത്തറിനൊപ്പം ഗ്രൂപ്പിലുള്ളത്. സ്യൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പുകള്‍ നിശ്ചയിച്ചത്.

city exchange

നവംബര്‍ 19 മുതല്‍ ഡിസംബര്‍ 13 വരെ ദോഹയില്‍ നടക്കുന്ന ടൂര്‍ണമെന്റിന് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖത്തര്‍ വേദിയാകുന്നത്. 2029 വരെ അഞ്ചു പതിപ്പുകളുടെ ആതിഥേയാവകാശവും ഖത്തറിനാണ് ഫിഫ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന 2025 പതിപ്പ് 48 ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ആദ്യ അണ്ടര്‍-17 ലോകകപ്പെന്ന നിലയില്‍ ചരിത്രപരമായിരുന്നു.

ഗ്രൂപ്പ് ബിയില്‍ ദക്ഷിണ കൊറിയ, ഇനിയും തീരുമാനിക്കാനുള്ള ആഫ്രിക്കന്‍ പ്രതിനിധികളില്‍ ഒരാള്‍, ന്യൂ കാലിഡോണിയ, ഇക്വഡോര്‍ എന്നിവരാണ്. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന, ഓസ്‌ട്രേലിയ, തെരഞ്ഞെടുക്കപ്പെടാനുള്ള രാജ്യം, ഡെന്‍മാര്‍ക്ക് ടീമുകളും ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ്, ഹെയ്തി, സൗദി അറേബ്യ, ഉറുഗ്വേ ടീമുകളും ഉള്‍പ്പെട്ടു.

ഇറ്റലി, ജമൈക്ക, ഐവറി കോസ്റ്റ്, ഉസ്‌ബെക്കിസ്ഥാന്‍ ടീമുകളാണ് ഗ്രൂപ്പ് ഇയില്‍. സെനഗല്‍, ക്രൊയേഷ്യ, ക്യൂബ, താജിക്കിസ്ഥാന്‍ ടീമുകള്‍ ഗ്രൂപ്പ് എഫിലും മാലി, ന്യൂസിലന്‍ഡ്, ബെല്‍ജിയം, വിയറ്റ്‌നാം ടീമുകള്‍ ഗ്രൂപ്പ് ജിയിലും ഇടംപിടിച്ചു.

- Advertisement -
Ad image

ഗ്രൂപ്പ് എച്ചില്‍ സ്പെയിന്‍, ചൈന, ഫിജി, മൊറോക്കോ ടീമുകളാണുള്ളത്. ബ്രസീല്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, ടാന്‍സാനിയ, കോസ്റ്ററിക്ക ടീമുകള്‍ ഗ്രൂപ്പ് ഐയില്‍ മത്സരിക്കും. അമേരിക്ക, മോണ്ടെനേഗ്രോ, ചിലി, അള്‍ജീരിയ ടീമുകളാണ് ഗ്രൂപ്പ് ജെയില്‍. മെക്സിക്കോ, റൊമാനിയ, കാമറൂണ്‍, വെനിസ്വേല ടീമുകള്‍ ഗ്രൂപ്പ് കെയിലും ജപ്പാന്‍, കൊളംബിയ, സെര്‍ബിയ, ഹോണ്ടുറാസ് ടീമുകള്‍ ഗ്രൂപ്പ് എല്ലിലും ഉള്‍പ്പെട്ടു.

48 ടീമുകളെ നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. തുടര്‍ന്ന് നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

ഡിസംബര്‍ 13ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. കഴിഞ്ഞ പതിപ്പിന്റെ ഫൈനലിനും ഇതേ സ്റ്റേഡിയമായിരുന്നു വേദി. അന്ന് 38,901 കാണികളുടെ സാന്നിധ്യത്തില്‍ പോര്‍ച്ചുഗല്‍ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു.

മത്സരങ്ങള്‍ ആസ്പയര്‍ സോണിലെ വിവിധ വേദികളിലായിരിക്കും നടക്കുക. കഴിഞ്ഞ പതിപ്പിലെ വിജയകരമായ സംഘാടനത്തിന് പിന്നാലെ ഇത്തവണയും ആരാധകരുടെയും കായികപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി ആസ്പയര്‍ സോണ്‍ മാറും.

Share This Article
Leave a Comment
error: Content is protected !!