ഖത്തര്‍ ഹജ്ജ് മിഷനിലെ മെഡിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

മക്ക അല്‍ മുഖറമ്മ: ഗാനം ബിന്‍ ഷഹീന്‍ ബിന്‍ ഗാനം അല്‍ ഗാനമിന്റെ നേതൃത്വത്തിലുള്ള ഖത്തര്‍ ഹജ്ജ് മിഷന്റെ ഭാഗമായി സൗദി അറേബ്യയിലെ വിശുദ്ധ ഹജ്ജ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ തീര്‍ഥാടകര്‍ക്ക് മികച്ച ആരോഗ്യസേവനം ഉറപ്പാക്കുന്നതിനായുള്ള സമഗ്ര സജ്ജീകരണങ്ങളുടെ ഭാഗമായാണ് നടപടി.

city exchange

ഖത്തറില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും ആശ്വാസകരവുമായ സാഹചര്യത്തില്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനാകുന്ന വിധത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സമഗ്ര മെഡിക്കല്‍ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം ക്രമീകരിച്ച ക്ലിനിക്കുകള്‍, ത്വരിത പരിശോധനാ വിഭാഗങ്ങള്‍, നിരീക്ഷണ- ഐസൊലേഷന്‍ മുറികള്‍, മരുന്നുകളും ചികിത്സാ സാമഗ്രികളും അടങ്ങിയ ഫാര്‍മസികള്‍ എന്നിവ മന്ത്രി സന്ദര്‍ശിച്ചു. ഉയര്‍ന്ന ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് സജ്ജീകരിച്ച ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും അദ്ദേഹം വിലയിരുത്തി.

ഖത്തര്‍ ഹജ്ജ് മിഷന്റെ മെഡിക്കല്‍ യൂണിറ്റ് മേധാവി ഡോ. ഖാലിദ് അബ്ദുല്ലാദി ഹജ്ജ് സീസണിനായുള്ള മെഡിക്കല്‍ സംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും പ്രവര്‍ത്തന പദ്ധതികളും മന്ത്രിക്ക് വിശദീകരിച്ചു. കുടുംബാരോഗ്യം, അടിയന്തര ചികിത്സ, സാംക്രമിക രോഗങ്ങള്‍, ചെവി- മൂക്ക്- തൊണ്ട ചികിത്സ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍, നഴ്സിംഗ് സംഘം, ആംബുലന്‍സ്- ഫാര്‍മസി വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സംഘമാണ് സേവനത്തിന് നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

എല്ലാ ആരോഗ്യ അടിയന്തരാവസ്ഥകളും കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പരിശീലനം നേടിയ മെഡിക്കല്‍, സാങ്കേതിക ജീവനക്കാരുടെ സേവനത്തോടെ യൂണിറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ഡോ. ഖാലിദ് അബ്ദുല്‍ഹാദി പറഞ്ഞു.

ചികിത്സയ്ക്ക് പുറമെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം, അതിവേഗ പ്രതികരണം, ഖത്തറിലെയും സൗദി അറേബ്യയിലെയും ആരോഗ്യ അധികാരികളുമായുള്ള ഏകോപനം എന്നിവയും മെഡിക്കല്‍ സംവിധാനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തീര്‍ഥാടകരുടെ സുരക്ഷയും ആരോഗ്യവും പരമപ്രധാനമാണെന്നും ഇതിനായി എല്ലാ വിഭവങ്ങളും വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ചടങ്ങിനിടെ ‘റാപിഡ് റെസ്പോണ്‍സ് ആംബുലന്‍സ് സ്‌കൂട്ടര്‍’ സേവനവും നവീകരിച്ച ‘എച്ച് ടി റെസ്‌ക്യൂ ജാക്കറ്റ്’ അടിയന്തര മെഡിക്കല്‍ സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. തിരക്കേറിയ പ്രദേശങ്ങളിലും ആംബുലന്‍സുകള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളിലും അതിവേഗ ചികിത്സ ഉറപ്പാക്കാന്‍ ഇവ ഉപയോഗിക്കും.

അതേസമയം, ഹജ്ജ് തീര്‍ഥാടകര്‍ക്കായി സൗദി അറേബ്യ ഒരുക്കിയിരിക്കുന്ന ആരോഗ്യ- സംഘടന സംവിധാനങ്ങളെ ഖത്തര്‍ ഹജ്ജ് മിഷന്‍ അഭിനന്ദിച്ചു. ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളും ഏകോപിത പ്രവര്‍ത്തന സംവിധാനവും തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സഹായകരമാണെന്ന് മിഷന്‍ വ്യക്തമാക്കി.

ഇസ്ലാമികകാര്യ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ ഏകോപനത്തോടെയും സൗദി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയുമാണ് മെഡിക്കല്‍ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ ദേശീയ ദര്‍ശനം 2030നും മൂന്നാം ദേശീയ വികസന തന്ത്രത്തിനും അനുസൃതമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങളോടെ സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മിഷന്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!