

ദോഹ: 3-2-1 ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം മാര്‍ച്ച് 31ന് പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് ഖത്തര്‍ മ്യൂസിയംസ് അറിയിച്ചു. കായിക ലോകത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സാങ്കേതികത്തികവാര്‍ന്നതുമായ മ്യൂസിയങ്ങളിലൊന്നാണ് 3-2-1.

സ്പാനിഷ് ആര്‍ക്കിടെക്ട് ജൊവാന്‍ സിബിന ഡിസൈന്‍ ചെയ്ത മ്യൂസിയത്തിന് ഏകദേശം 19000 ചതുരശ്ര മീറ്ററാണുള്ളത്. ഇത്തരത്തിലുള്ള ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണിത്. ഖത്തര്‍ ആസ്‌പെയര്‍ ഫൗണ്ടേഷന്റെ ഭാഗമായ ഖലിഫ അന്താരാഷ്ട്ര സ്റ്റേഡിയത്തോടനുബന്ധിച്ചാണ് മ്യൂസിയത്തിന്റെ നിര്‍മാണം നടത്തിയത്.

ദോഹ ഏഷ്യന്‍ ഗെയിംസ് 2006ന്റെ ലെഗസി പദ്ധതിയുടെയും ഒൡപിക് മ്യൂസിംയസ് നെറ്റ്‌വര്‍ക്കിന്റേയും ഖത്തര്‍ ദേശീയ വീക്ഷണം 2030ന്റെയും ഭാഗമായാണ് 3-2-1 മ്യൂസിയം നിര്‍മിച്ചതെന്ന് ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. കായികവും സംസ്‌ക്കാരവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നിക്ഷേപിക്കുന്ന അതേ രീതിയില്‍ ഖത്തര്‍ ഈ മേഖലകളേയും കാണുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
3-2-1 മ്യൂസിയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴ് ഗ്യാലറികളായാണ് തരംതിരിച്ചിരിക്കുന്നത്. വേള്‍ഡ് ഓഫ് ഇമോഷന്‍, എ ഗ്ലോബല്‍ ഹിസ്റ്ററി ഓഫ് സ്‌പോര്‍ട്, ഒളിംപിക്‌സ്, ദി ഹാള്‍ ഓഫ് അത്‌ലറ്റ്‌സ്, ഖത്തര്‍- ഹോസ്റ്റിംഗ് നാഷന്‍, ഖത്തര്‍ സ്‌പോര്‍ട്‌സ്, ആക്ടിവേഷന്‍ സോണ്‍ എന്നിവയാണവ.
ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ആര്‍ക്കിനോടനുബന്ധിച്ചും ഒളിംപിക് റിംഗുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലും രണ്ട് കെട്ടിടങ്ങളിലായാണ് 3-2-1 മ്യൂസിയം നിലകൊള്ളുന്നത്. മ്യൂസിയത്തിന്റെ നാലാം നിലയില്‍ നിലകൊള്ളുന്ന നൗവ റസ്റ്റോറന്റില്‍ ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നത്. നൂക്ലിയസ് എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായ അറബി വാക്കാണ് നൗവ.

